കൽപ്പറ്റ: ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഡിസംബർ 30 മുതൽ ജനുവരി 2 വരെ ജില്ലയിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഈ ദിവസങ്ങളിൽ രാത്രി 10 മുതൽ രാവിലെ 5 വരെ ആൾക്കൂട്ടം ചേർന്നുള്ള പരിപാടികൾ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനശേഷി കൂടുതലാതിനാലാണ് നിലവിലുളള നിയന്ത്രണങ്ങൾക്ക് പുറമെ പുതുവത്സരാഘോഷങ്ങൾക്ക് ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ ഭരണകൂടം അധിക നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാവാനിടയുള്ള മാളുകളിലും, പൊതുയിടങ്ങളിലും കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി സെക്ടറൽ മജിസ്‌ട്രേറ്റ്മാരെ നിയമിച്ചിട്ടുണ്ട്. ഭൂ പതിവ് തഹസിൽ ദാർമാരായ എം.ജെ .അഗസ്റ്റിൻ (മാനന്തവാടി), എം.എസ്.ശിവദാസൻ (വൈത്തിരി), ആന്റോ ജേക്കബ്, (സുൽത്താൻ ബത്തേരി) എന്നിവരെയാണ് താലൂക്ക്തല സെക്ടറൽ മജിസ്‌ട്രേറ്റ്മാരായി നിയമിച്ചത്.
ജില്ലയിലെ ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിൽ 50 ശതമാനം സീറ്റുകളിൽ മാത്രമേ പ്രവേശനം അനുവദിക്കാവു. റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് സ്ഥാപന ഉടമകൾ ഉറപ്പാക്കണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാസ്‌ക് ധരിക്കൽ, സാമൂഹ്യാകലം പാലിക്കൽ, കൈകൾ അണുവിമുക്തമാക്കൽ തുടങ്ങിയ കാര്യങ്ങൾ പാലിക്കണം. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, വനം വകുപ്പ് എന്നിവർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.