corporation

കോഴിക്കോട്: നഗര ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി നടപ്പാക്കുന്ന തൊഴിൽദാന പദ്ധതിക്ക് കോർപ്പറേഷൻ കൗൺസിലിന്റെ അംഗീകാരം. ഐക്യകണ്ഠ്യേനയാണ് അന്തിമ രേഖയ്ക്ക് കൗൺസിൽ യോഗം അംഗീകാരം നൽകിയത്. 91 മേഖലകളിലായാണ് വിവിധ സംരംഭങ്ങൾ വഴി തൊഴിലൊരുക്കുന്നത്. ഇതോടെ 8208 പേ‌ർക്ക് തൊഴിൽ ലഭിക്കും. പദ്ധതിയുടെ സുഖമമായ നടത്തിപ്പിനും സാങ്കേതിക സഹായത്തിനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിനെ സഹകരിപ്പിക്കാനും തീരുമാനിച്ചു. പ്രോജക്ട് തയ്യാറാക്കൽ, പരിശീലനം, ഫണ്ട് കണ്ടെത്തൽ എന്നിവയിൽ ഐ.ഐ.എം സഹകരിക്കും. എൻ.യു.എൽ.എം സഹകരണം തേടിയിട്ടുണ്ട്. സംരംഭങ്ങളുടെ പ്രൊജക്ട് തയ്യാറാക്കുന്നത് മുതൽ വരുമാനം ലഭ്യമാക്കുന്നത് വരെ സഹായിക്കാൻ ഹെൽപ്പ് ഡെസ്‌ക് രൂപീകരിക്കും. കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷന്റെ സഹായം സ്വീകരിക്കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയെ ഇതിന്റെ ഭാഗമാക്കും.

കുടുംബശ്രീ, കൃഷി, വ്യവസായം, മൃഗസംരക്ഷണം, ഫിഷറീസ്, നഗര തൊഴിലുറപ്പ് പദ്ധതി എന്നിവയിലൂന്നിയുള്ള നിർദ്ദേശങ്ങളാണ് അന്തിമ പദ്ധതി രേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉണക്കമീൻ, പൊതിച്ചോർ, ചെരുപ്പ് തുടങ്ങി കുടുംബശ്രീ ബ്രാൻഡ് ഉത്പ്പന്നങ്ങൾ വിപണിയിലെത്തിക്കും.

18 മുതൽ 40 വരെ പ്രായമായ വനിതകൾക്കായി ആരംഭിക്കുന്ന സഹായസംഘങ്ങളെയും പദ്ധതിയുടെ ഭാഗമാക്കും. ജനീകായാസൂത്രണ തുക, വകുപ്പുകൾ വഴിയുള്ള സഹായം.എൻ.എം.യു.എൽ പദ്ധതി മുഖേനയുള്ള സബ്‌സിഡി, വായ്പ എന്നിവയിലൂടെ മൂലധനം കണ്ടെത്തും. കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാക്കും. പദ്ധതി നടത്തിപ്പിനായി കോർപ്പറേഷൻ മോണിറ്ററിംഗ് സംവിധാനം ഒരുക്കും. ഉത്പ്പന്നങ്ങളുടെ വിപണനത്തിന് വേങ്ങേരിയിൽ സ്ഥിരം സംവിധാനം ഒരുക്കും.

ലക്ഷ്യം എല്ലാവ‌ർക്കും തൊഴിൽ: മേയർ

എല്ലാവ‌ർക്കും തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ 8208 പേ‌ർക്ക് തൊഴിൽ നൽകാൻ സാധിക്കുമെന്ന് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു.

പരാജയത്തിന്റെയും വിജയത്തിന്റെയും അനുഭവങ്ങൾ ഉൾക്കൊണ്ടാണ് പദ്ധതി നടപ്പാക്കുകയെന്ന് ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് പറഞ്ഞു. മഹിളാമാളിനുണ്ടായ ദുരവസ്ഥ സംരംഭങ്ങൾക്ക് ഉണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത പറഞ്ഞു. പദ്ധതികളുടെ സാദ്ധ്യതകളെ കുറിച്ച് പഠനം നടത്തണം.വിപണി സാദ്ധ്യത പരിഗണിക്കണമെന്ന് അവ‌ർ വ്യക്തമാക്കി. മാസവരുമാനം 8000 രൂപയെങ്കിലും ലഭിക്കത്തക്കവിധം പദ്ധതി നടപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രായം 40ആയി നിജപ്പെടുത്തുന്നതും സ്ത്രീകൾക്ക് മാത്രമായി ചുരുക്കുന്നതും പുനപരിശോധിക്കണമെന്ന് ബി.ജെ.പി കൗൺസിൽ പാ‌ർട്ടി ലീഡർ നവ്യ ഹരിദാസ് ആവശ്യപ്പെട്ടു.

കെ. മൊയ്തീൻകോയ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ പി.സി.രാജൻ, എസ്.ജയശ്രീ, കെ.കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു.