കൽപ്പറ്റ: പാരലിമ്പിക് കമ്മറ്റി ഓഫ് ഇന്ത്യ ഒഡീഷയിലെ ഭുവനേശ്വറിൽ 23 മുതൽ 26 വരെ നടത്തിയ നാലാമത് പാരാബാഡ്മിന്റൺ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നുള്ള സംഘത്തിന് പങ്കെടുക്കാനായില്ല. ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്‌പോർട്സ് അസോസിയേഷൻ കേരളയ്ക്ക് അഫിലിയേഷൻ ഇല്ല എന്ന കാരണത്താലാണ് കേരളത്തിൽ നിന്നുള്ള പതിനഞ്ചംഗ സംഘത്തിന് മൽസരത്തിൽ പങ്കെടുക്കുന്നതിന് അയോഗ്യത കൽപ്പിച്ചത്. 14 പുരുഷന്മാരും ഒരു വനിതയുമാണ് മൽസരത്തിൽ പങ്കെടുക്കുന്നതിനായി അസോസിയേഷന്റെ നേതൃത്വത്തിൽ ഭുവനേശ്വറിൽ എത്തിയത്.
മുൻവർഷങ്ങളിൽ അസോസിയേഷന്റെ നേതൃത്വത്തിൽ മൽസരത്തിൽ പങ്കെടുക്കുന്നതിന് വിലക്കുണ്ടായിരുന്നില്ല. താരങ്ങളെ മൽസരത്തിൽ പങ്കെടുപ്പിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ പാരാലിമ്പിക് കമ്മറ്റി പ്രസിഡന്റ് ദീപ മാലിക്കിനോട് അഭ്യർത്ഥിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഒടുവിൽ സംഘം നിരാശയോടെ കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.

താരങ്ങൾക്ക് അവസരം നിഷേധിച്ചതിനെതിരെ പ്രധാനമന്ത്രി, കേന്ദ്ര സ്‌പോർട്സ് വകുപ്പ് മന്ത്രി, സാമൂഹികനീതി വകുപ്പ്, കേരള മുഖ്യമന്ത്രി, സ്‌പോർട്സ്, സാമൂഹിക നീതി വകുപ്പ്,പേഴ്സൺ വിത്ത് ഡിസബലിറ്റീസ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകി.
താരങ്ങൾക്ക് അവസരം നിഷേധിച്ചതിന് പിന്നിൽ സ്‌പോർട്സ് അസോസിയേഷൻ ഫോർ ഡിഫറന്റ്ലി ഏബിൾഡിന്റെ ഇടപെടലാണെന്ന് ഫിസിക്കലി ചലഞ്ചഡ് ഓൾ സ്‌പോർട്സ് അസോസിയേഷൻ കേരള പ്രസിഡന്റ് എ.എം.കിഷോർ, ജനറൽ സെക്രട്ടറി കെ.അബ്ദുൾ മുനീർ, ട്രഷറർ എം.എസ്.സനോജ് എന്നിവർ പറഞ്ഞു. പാരാലിമ്പിക് കമ്മറ്റിയുടെ ബാംഗ്ലൂർ ഓഫീസിലേക്ക് ജനുവരി അവസാന വാരം മാർച്ച് നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു.

ഫോട്ടോ--പാരാ
പാരാലിമ്പിക്സിൽ പങ്കെടുക്കുന്നതിന് പോയ കേരള താരങ്ങൾ ഭുവനേശ്വർ റെയിൽവേ സ്റ്റേഷനുമുന്നിൽ