photo

ബാലുശ്ശേരി: സ്കൂൾ തുറന്നതു മുതൽ രക്ഷിതാക്കൾ, അദ്ധ്യാപകർ, നാട്ടുകാർ എന്നിവരുടെ സമാധാനം കളഞ്ഞ ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ എകരൂൽ - വീര്യമ്പ്രം റോഡിൽ ഇയ്യാട് സി.സി.യു.പി സ്കൂളിനു സമീപമുള്ള പൊതു കിണറിന്റെ ആൾമറയ്ക്ക് മുകളിൽ പഞ്ചായത്ത് വക ഇരുമ്പ് ഗ്രിൽ സ്ഥാപിച്ചു. കിണറിന്റെ ആൾ മറയ്ക്ക് പൊക്കമില്ലാത്തത് വലിയ അപകടസാദ്ധ്യതയായിരുന്നു.

കിണറിനോട് ചേർന്ന് കിഴക്ക് ഭാഗത്തേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്തപ്പോൾ റോഡിന് ഉയരം കൂടിയതോടെ കിണറിന്റെ ആൾ മറയ്ക്ക് ഈ ഭാഗത്ത് ഒന്നര അടിയോളം മാത്രമെ പൊക്കമുണ്ടായിരുന്നുള്ളു. ഇതോടെ കുട്ടികൾ ഉൾപ്പെടെ ആരെങ്കിലും കിണറിലേയ്ക്ക് എത്തി നോക്കിയാൽ കിണറിനകത്തേയ്ക്ക് വീഴുമെന്ന അവസ്ഥയായിരുന്നു. കിണറിന്റെ ഈ അപകടാവസ്ഥയെക്കുറിച്ചുള്ള വാർത്ത കേരള കൗമുദി പലതവണ പ്രസിദ്ധീകരിച്ചിരുന്നു. സ്കൂൾ അധികൃതർ പരാതിയും നല്കിയിരുന്നു.
പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഏറാടിയിൽ ഇന്ദിരയും പതിനെട്ടാം വാർഡ് മെമ്പർ ഗിരിജ തെക്കേടത്തും കിണറിനു മുകളിൽ ഇരുമ്പു ഗ്രിൽ സ്ഥാപിക്കാമെന്ന് ഉറപ്പ് നല്കിയിരുന്നു.

ഇരുമ്പ് ഗ്രിൽ സ്ഥാപിച്ച് അപകട ഭീഷണി ഒഴിവാക്കുന്നതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ഇയ്യാട് സി.സി.യു.പി.സ്കൂൾ പി.ടി.എയുടെ നന്ദി അറിയിക്കുന്നതായി സ്കൂൾ ഹെഡ്മിസ്ട്രസ് എ.കെ രാജേശ്വരി പറഞ്ഞു.