പുൽപ്പള്ളി: കബനി നദിയിൽ തോണി സർവ്വീസ് നടത്തുന്ന തൊഴിലാളികൾക്ക് തൊഴിലില്ലാതായിട്ട് 8 മാസമായി. ഈ വർഷം ലോക്‌ഡൗൺ ആരംഭിച്ചതിനുശേഷം ഇതുവരെ തോണി സർവ്വീസ് നടത്താൻ പറ്റാത്ത അവസ്ഥയിലാണ് തോണിക്കാർ. കർണാടകയിലേക്ക് കടക്കാൻ ആർ.ടി.പി.സി.ആർ നിർബന്ധമാക്കിയതോടെയാണ് തോണിക്കാരും പ്രതിസന്ധിയിലായത്.
പെരിക്കല്ലൂർ, മരക്കടവ് എന്നിവിടങ്ങളിലായി 15-ഓളം തോണികളാണുളളത്. ഇവരാണ് ആളുകളെ കർണാടകയിലേക്കും കേരളത്തിലേക്കും എത്തിച്ചുകൊണ്ടിരുന്നത്. റോഡ് മാർഗ്ഗം മാത്രമെ ഗതാഗതം അനുവദിക്കുകയുള്ളു എന്ന നിലപാട് കർണാടക സ്വീകരിച്ചതോടെയാണ് ഇവർക്ക് പണിയില്ലാതായത്. ബൈരക്കുപ്പ, മച്ചൂർ ഭാഗങ്ങളിൽ നിന്നായി ഇരുനൂറോളം വിദ്യാർത്ഥികൾ വയനാട്ടിൽ വന്ന് പഠിക്കുന്നുണ്ട്. ഇവരുടെ വിദ്യാഭ്യാസവും ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്. നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറന്നെങ്കിലും വിദ്യാർത്ഥികളെ ഇവിടേക്ക് വരാൻ കർണാടക വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ഓൺലൈനിൽ മാത്രമാണ് ഇവരുടെ പഠനം.
പണിയില്ലാതായതോടെ തോണിക്കാർ മറ്റ് തൊഴിലുകളിലേക്ക് മാറുകയാണ്. നിലവിലുള്ള നിയന്ത്രണങ്ങൾ എപ്പോൾ മാറ്റുമെന്ന് ആർക്കും അറിയാത്ത അവസ്ഥയാണ്.