വടകര: അഴിയൂർ സബ് രജിസ്റ്റർ ഓഫീസിൽ വൈദ്യുതി നിലച്ചാൽ ബദൽ സംവിധാനമില്ലാതെ വട്ടം കറങ്ങി നാട്ടുകാർ. ഭൂമി രജിസ്ട്രേഷനടക്കം വിവിധ ആവശ്യങ്ങൾക്ക് എത്തിച്ചേരുന്നവർ വൈദ്യുതി മുടക്കത്തെ തുടർന്ന് പ്രയാസപ്പെടുകയാണ്. ഇവിടെ ജനറേറ്ററോ ഇൻവെർട്ടർ സംവിധാനമോ ഒരുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ പ്രാവർത്തികമായിട്ടില്ല. ഇടക്കിടെ വന്നും പോയുമിരിക്കുന്ന വൈദ്യുതി കാരണം ആവശ്യത്തിന് എത്തിച്ചേരുന്നവർ മണിക്കൂറുകൾ കാത്തു നിൽക്കേണ്ടുന്ന അവസ്ഥയാണ്. സ്ഥലം രജിസ്റ്റർ ചെയ്യാനും മറ്റും വിവിധ പ്രദേശങ്ങളിൽ നിന്നും ആളുകൾ എത്തിച്ചേരാറുണ്ട്. ചെറിയ ആവശ്യത്തിനായാൽ പോലും വൈദ്യുതി തടസത്തിൽ കുടുങ്ങി ഏറെ വൈകി മാത്രമേ ഇവിടെ നിന്നും തിരിച്ചു പോകാൻകഴിയാറുള്ളു. പ്രയാസം അറിയിച്ചപ്പോൾ ജില്ലാ രജിസ്റ്റർ ഓഫീസുമായി ബന്ധപ്പെട്ടവരോട് വൈദ്യുതി വരുന്നതുവരെ കാത്തിരിക്കനാണത്രേ മറുപടി ലഭിച്ചത്. അഴിയൂരിനൊപ്പം ജില്ലയിൽ 33 രജിസ്റ്റർ ഓഫീസ് നിലവിലുള്ളതിൽ ഭൂരിഭാഗം സ്ഥലത്തും വൈദ്യുതി നിലച്ചാൽ ഇതു തന്നെയാണ് അവസ്ഥ. അഴിയൂർ സബ് രജിസ്റ്റർ ഓഫീസിൽ വൈദ്യുതി നിലച്ചാൽ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.