
കുന്ദമംഗലം (കോഴിക്കോട്): അടൽ ദേശീയ റാങ്കിംഗിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിന് (എൻ.ഐ.ടി.സി ) ഒൻപതാം സ്ഥാനം. ഇതിനൊപ്പം, രാജ്യത്തെ 31 എൻ.ഐ.ടി കളിൽ ഒന്നാം സ്ഥാനവുമായി. നവീ കരണ മേഖലയിലും സാങ്കേതികവിദ്യാ വികസനത്തിലും പോയവർഷം എൻ.ഐ.ടി.സി കൈവരിച്ച മികവ് പരിഗണിച്ചാണ് അംഗീകാരം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ എ.ആർ.ഐ.ഐ.എ (അടൽ നാഷണൽ റാങ്കിംഗ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഓൺ ഇന്നൊവേഷൻ അച്ചീവ്മെന്റ്സ്) പട്ടിക ഇന്നലെ രാവിലെ 11 ന് സഹമന്ത്രി സുഭാസ് സർക്കാരാണ് പുറത്തിറക്കിയത്. 2021 ലെ അടൽ ദേശീയ റാങ്കിംഗിന് ഐ.ഐ.ടി കൾ, എൻ.ഐ.ടി കൾ ഉൾപ്പടെ 1438 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുത്തിരുന്നു.
കഴിഞ്ഞ സാമ്പത്തികവർഷം ഡിപ്പാർട്ട്മെന്റ് ഒഫ് സയൻസ് ആൻഡ് ടെക്നോളജി, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻജിനിയറിംഗ്, കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, ഡയറക്ടറേറ്റ് ഒഫ് എൻവയൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച്, നാഷണൽ അഗ്രികൾച്ചറൽ
സയൻസ് ഫണ്ട് തുടങ്ങിയ ഏജൻസികളിൽ നിന്നായി 6.89 കോടി രൂപ എൻ.ഐ.ടി.സി യുടെ വിവിധ പ്രോജക്ടുകൾക്കായി ലഭിച്ചിരുന്നു. കൺസൾട്ടൻസിയുടെ ഭാഗമായി നാഷണൽ തെർമൽ പവർ കോർപ്പറേഷൻ, നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, പൊതുമരാമത്ത് വകുപ്പ് എന്നി വ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ നിന്നു 75 ലക്ഷം രൂപയും ലഭിച്ചു.
ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പി ക്കുന്നതിനുമായി ഇൻസ്റ്റിറ്റ്യൂട്ട് 2018 മുതൽ ഏതാണ്ട് 25 ലക്ഷം രൂപ ധനസഹായം നൽകി. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 14 പേറ്റന്റുകളും 3 പകർപ്പവകാശങ്ങളും എൻ.ഐ.ടി.സി സ്വന്തമാക്കി.
മികവിന്റെ നേട്ടങ്ങളിൽ പങ്കാളികളായവരെയെല്ലാം എൻ.ഐ.ടി.സി ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ അഭിനന്ദിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ.പി.എസ്.സതീദേവി, രജിസ്ട്രാർ ഇൻ ചാർജ് പ്രൊഫ.ജീവമ്മ ജേക്കബ്, റിസർച്ച് ആൻഡ് കൺസൾട്ടൻസി ഡീൻ പ്രൊഫ.മധുസൂദനൻ പിള്ള, പ്രൊഫ.എ.വി.ബാബു എന്നിവരും സംസാരിച്ചു.