കൽപ്പറ്റ: ജില്ലാ മെഡിക്കൽ ഓഫീസറും, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ അംഗങ്ങളും ചേർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വ്യാജ ചികിത്സാ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. വ്യക്തമായ രേഖകളില്ലാത്ത അഞ്ചിൽ പരം സ്ഥാപനങ്ങൾ പൂട്ടിച്ചു. പരിശോധനയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്.ആർ.ബിന്ദു, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ അംഗങ്ങളായ ഡോ. പി.കെ.ഹരിദാസ്, ഡോ. കെ.എ.ഷക്കീർ അലി തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പരിശോധനകൾ നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആയുർവേദം) അറിയിച്ചു.


മിൽമ ഡയറിക്ക് ഉത്പാദനക്ഷമതാ അവാർഡ്

കൽപ്പറ്റ: കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ മികച്ച ഉത്പാദനക്ഷമതയുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് നൽകുന്ന ഫാക്ട് എം.കെ.കെ നായർ മെമ്മോറിയൽ പ്രൊഡക്ടിവിറ്റി അവാർഡ് മിൽമ വയനാട് ഡയറിക്ക് ലഭിച്ചു. 2019-20 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ ഇടത്തരം വ്യവസായങ്ങളിൽ മികച്ച രണ്ടാമത്തെ സ്ഥാപനമായാണ് വയനാട് ഡയറിയെ തെരഞ്ഞെടുത്തത്. എറണാകുളം പ്രൊഡക്ടിവിറ്റി ഹൗസിൽ നടന്ന ചടങ്ങിൽ സംസ്ഥാന വ്യവസായ, നിയമ വകുപ്പ് മന്ത്രി പി.രാജീവിൽ നിന്ന് അസിസ്റ്റന്റ് മാനേജർ (പ്രൊഡക്‌ഷൻ) തോമസ്.പി.കുര്യൻ, ടെക്നിക്കൽ ഓഫീസർ എം.കെ.നിസാർ ബാവ, ട്രേഡ് യൂണിയൻ നേതാക്കളായ കെ.ബഷീർ, പി.മാധവൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.