പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ പാറക്കടവ്, മാടപ്പള്ളിക്കുന്ന് പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി വൻ കൃഷിനാശമുണ്ടാക്കുന്നത് പതിവായി. പ്രദേശവാസികൾക്ക് സന്ധ്യമയങ്ങുന്നതോടെ വീടിന് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്.
കന്നാരം പുഴ കടന്നെത്തുന്ന ആനകളാണ് പ്രദേശത്ത് ഭീതി പരത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി തുടർച്ചയായി ആനകൾ പ്രദേശത്ത് ഇറങ്ങുന്നുണ്ട്. മിക്ക കൃഷിയിടങ്ങളിലും ആനയിറങ്ങി വലിയ നാശമാണ് വരുത്തിയത്. വാഴ, കവുങ്ങ്, കാപ്പി, തെങ്ങ് തുടങ്ങിയ വിളകളാണ് കൂടുതലായും നശിപ്പിച്ചത്.
നിരവധി വീടുകൾ അടുത്തടുത്തായുള്ള പ്രദേശമാണിത്. സദാസമയവും വാഹനങ്ങൾ കടന്നുപോകുന്ന റോഡും ഇവിടെയുണ്ട്. ഇതിനിടയിലൂടെയാണ് ആനക്കൂട്ടം കൃഷിയിടങ്ങളിൽ ഇറങ്ങുന്നത്.
കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ ആവശ്യപ്പെടുന്നുണ്ട്. അതിർത്തിയി ഫെൻസിംഗ് കാര്യക്ഷമമല്ലാത്തതിനാലാണ് വന്യജീവി ശല്യം രൂക്ഷമായത്. ചീയമ്പം 73 മുതൽ ചാമപ്പാറ വരെയുള്ള ഭാഗത്ത് ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വർദ്ധിച്ചുവരുന്ന വന്യജീവി ശല്യത്തിന് പരിഹാരം തേടി കഴിഞ്ഞ ദിവസം നാട്ടുകാർ യോഗം ചേർന്നിരുന്നു.