കോഴിക്കോട്: രണ്ടരവയസിൽ രണ്ട് റെക്കോഡുകളുടെ തിളക്കവുമായി വൈദേഹി. ടാലന്റ് അച്ചീവ്മെന്റിൽ വിവിധ ഇനങ്ങളിലായി കലാം വേൾഡ് റെക്കോർഡും ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡുമാണ് കൊച്ചുമിടുക്കി സ്വന്തമാക്കിയത്.
കൊളത്തറ കണ്ണംകണ്ടാരി രാഹുലിന്റെയും നീതുവിന്റെയും മകളാണ്.
46 വിശിഷ്ട വ്യക്തികളെ തിരിച്ചറിയൽ, സംസ്ഥാനങ്ങളുടെ പേര്, ഇന്ത്യയുടെ മാപ്പ് യോജിപ്പിക്കൽ, ഭക്ഷണ സാധനങ്ങളുടെയും വാഹനങ്ങളുടെയും പേര്, പക്ഷികളെയും മൃഗങ്ങളെയും പഴങ്ങളെയും തിരിച്ചറിയൽ, മാസവും ആഴ്ചയും, ഇംഗ്ലീഷ് അക്ഷരമാലയും അക്കങ്ങളും, ലോക വിവരം തുടങ്ങി 15 ഇനങ്ങളിലാണ് ഈ മിടുക്കി കഴിവ് തെളിയിച്ചത്.
പി.എസ്.സിയ്ക്ക് പഠിക്കുന്ന സമയത്ത് തമാശയായി പറഞ്ഞുകൊടുത്തിരുന്നത് താത്പര്യത്തോടെ ഓർത്ത് പറയുന്നത് കണ്ടപ്പോഴാണ് അമ്മ നീതു കൂടുതൽ പരിശീലിപ്പിക്കാൻ തുടങ്ങിയത്. വീട്ടിലെത്തിയ ബന്ധു പറഞ്ഞാണ് രാഹുലും നീതുവും റെക്കോർഡിനെ പറ്റി അറിയുന്നത്. ഇന്ത്യ ബുക്ക് ഒഫ് റെക്കോർഡിന്റെ വെബ്സൈറ്റിലൂടെ മാനദണ്ഡങ്ങൾ മനസിലാക്കി 15 വീഡിയോകളാക്കി അയച്ചു. മാനദണ്ഡങ്ങൾ ഏകദേശം ഒരുപോലെയായതിനാൽ കലാം വേൾഡ് റെക്കോർഡിനും ശ്രമിച്ചു. വൈദേഹിയെ കാമറയ്ക്കുമുന്നിൽ ഇരുത്തുക അത്ര എളുപ്പമായിരുന്നില്ലെന്ന് രാഹുലും നീതുവും പറയുന്നു. ഏഴ് ദിവസമെടുത്തു വീഡിയോ ശരിയാക്കി അയച്ചുകൊടുക്കാൻ. 16ദിവസത്തിനുള്ളിൽ റെക്കോർഡ് ലഭിച്ചതായി വിവരവും വന്നു. കൂടുതൽ മേഖലകളിലേക്ക് മകളുടെ അറിവും കഴിവും വളർത്തിയെടുക്കാൻ ഉറച്ചിരിക്കുകയാണ് രാഹുലും നീതുവും.