1

കൊയിലാണ്ടി: ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരവുമായി പുതു വർഷത്തിൽ പരിഷ്‌ക്കാരം വരുന്നു. ടെലിഫോൺ എക്‌സ്ചേഞ്ചിലേക്കുള്ള റോഡ് വൺവേ ആക്കും. വാഹനങ്ങൾ സ്റ്റേഡിയം ചുറ്റി ദേശീയ പാതയിലേക്ക് പ്രവേശിക്കണം. നാഷണൽ ഗ്ലാസ്സ് മാർട്ടിനടുത്തുള്ള റോഡിലേക്ക് ഹൈവേയിൽ നിന്നുള്ള വാഹനങ്ങൾ മാത്രം കടത്തിവിട്ട് വൺവേ ആക്കി ഹൈവേയിലേക്കുള്ള വാഹനങ്ങൾ ട്രാഫിക് യൂണിറ്റിന് അടുത്തുകൂടെ പ്രവേശിക്കാം. മാർക്കറ്റിന് അകത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ ബാലുശ്ശേരി റോഡ് വഴി ദേശീയപാതയിലേക്ക് പ്രവേശിക്കാം. ടൗൺഹാൾ വഴിയുള്ള വാഹനങ്ങൾ വൺവേ സിസ്റ്റം അനുസരിച്ച് റെയിൽവെ സ്റ്റേഷൻ റോഡിലേക്ക് പ്രവേശിക്കണം. ബസ് സ്റ്റാൻ‌ഡിന് അരികിലൂടെ മാർക്കറ്റിലേക്കുള്ള റോഡ് വൺവേ ആക്കി. പാർക്കിംഗ് ഏരിയയിൽ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ. പരീക്ഷണാടിസ്ഥാനത്തിൽ ദേശീയ പാതയിൽ മൺചാക്ക് നിറച്ച് വിഭജിച്ചത് ഗതാഗത കുരുക്കിന് പരിഹാരമായ സാഹചര്യത്തിലാണ് ട്രാഫിക് അഡ്വൈസറി കമ്മിറ്റി ജനുവരി ഒന്നു മുതൽ പുതിയ പരിഷ്‌ക്കാരം നടപ്പാക്കാൻ തീരുമാനിച്ചത്.