
രാമനാട്ടുകര:രാമനാട്ടുകര നഗരസഭ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി രാമനാട്ടുകര അങ്ങാടിയിൽ ഉണ്ടാക്കിയ പുത്തൻ നടപ്പാതക്ക് സൗന്ദര്യം ധാരാളം ഉണ്ടെങ്കിലും ഇതിലൂടെ നടന്ന് ഇരുപാതയിലും അവസാന ഭാഗത്ത് എത്തി കണ്ണൊന്നു തെറ്റിയാൽ വീഴുന്നത് തോട്ടിലേക്കാവും.അങ്ങാടിയുടെ പടിഞ്ഞാറു ഭാഗത്ത് ഡ്രൈയിനേജ് അവസാനിപ്പിക്കുന്നത് ചെത്തുപാലം തോട്ടിലും കിഴക്കു ഭാഗത്ത് എയർപോർട്ട് റോഡിൽ ഡ്രയിനേജ് അവസാനിപ്പിക്കുന്നത് പഴയ മിനി സ്റ്റേഡിയത്തിനു സമീപമുള്ള തോട്ടിലും ആണ്.
ഇവിടെയൊന്നും തോട്ടിന്റെ വക്കത്ത് സുരക്ഷാ ക്രമീകരണങ്ങളൊന്നും സ്ഥാപിച്ചിട്ടില്ല.സുരക്ഷാ വേലിയോ മതിലോ സ്ഥാപിച്ചില്ലെങ്കിൽ അശ്രദ്ധമായി നടന്നു വരുന്നവർ തോട്ടിലേയ്ക്കാകും വീഴുക. കാഴ്ച പരിമിതികൾ ഉള്ളവർക്കുള്ള പ്രത്യേക മഞ്ഞ നടപ്പാത (ടാക്ടൈൽ പാവിംഗ്)യും അവസാനിക്കുന്നത് തോട്ടിൽത്തന്നെ. നടപ്പാതയിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചു അശ്രദ്ധമായി നടന്നു എത്തുന്നവർ സാധാരണയാണ്. ആഴമേറിയ തോട്ടിൽ മഴക്കാലമായാൽ ഒഴുക്ക് കൂടുതലാണ്. ഈ സമയത്ത് ഇവിടെ വീണാൽ അപകടം ഉറപ്പ്. റോഡ് സൈഡിൽ ഇവിടെ വാഹനം പാർക്ക് ചെയ്യുന്നവർക്കും അപകടസാദ്ധ്യത ഉണ്ട്. രാത്രിയായാൽ വെളിച്ചക്കുറവും ഇവിടെയുണ്ട്. അതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ട്.
രാമനാട്ടുകര അങ്ങാടിയെ സൗന്ദര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് അങ്ങാടിയുടെ പടിഞ്ഞാറ് ഭാഗം മുതൽ കിഴക്കു ഭാഗം വരെ പുതിയ ഡ്രയിനേജ് പണിത് ഇന്റർലോക്ക് പാകിയിരിക്കുന്നത്. നഗരസഭയും പൊതുമരാമത്ത് വകുപ്പും രാമനാട്ടുകര അങ്ങാടിയെ കൂടുതൽ സൗന്ദര്യവത്ക്കരിക്കുവാൻ യുദ്ധകാലാടിസ്ഥാനത്തിൽ ദിവസേന ഓരോ പ്രവർത്തികൾ ചെയ്യുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ അശ്രദ്ധ വരുന്നത് അതിന്റെ മോടി കുറയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല.സി.ഡി.എ നൽകിയ 6 കോടി രൂപയുടെ സൗന്ദര്യവത്ക്കരണ പദ്ധതികളാണ് രാമനാട്ടുകര അങ്ങാടിയിൽ നടക്കുന്നത്. സ്ഥലമെടുപ്പിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പണി നടക്കാതെ പോയ ചിലയിടങ്ങളിൽ മാത്രമാണ് ഡ്രൈയിനേജ് ഇല്ലാത്തത്.