കൽപ്പറ്റ: കാരാപ്പുഴ അണക്കെട്ടിനോട് ചേർന്ന് വിപുലമായ ഇറിഗേഷൻ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ. ജലവിഭവ വകുപ്പിന്റെ ജില്ലയിലെ വിവിധ പദ്ധതികളുടെ നിർവ്വഹണ പുരോഗതി വിലയിരുത്തുന്നതിനായി കലക്ടറേറ്റ് മിനി കോൺഫ്രൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കാരാപ്പുഴ അണക്കെട്ട് പ്രദേശവും മെഗാ ടൂറിസം പദ്ധതിയും മന്ത്രി സന്ദർശിച്ചു.

സംസ്ഥാനത്തെ അണക്കെട്ടുകളോട് ചേർന്ന് ഇറിഗേഷൻ ടൂറിസം പദ്ധതികൾ നടപ്പാക്കാൻ വകുപ്പ് ഉദ്ദേശിക്കുന്നതായും ഇതിന് ഏറ്റവും അനുയോജ്യമായ സ്ഥലമായാണ് കാരാപ്പുഴയെ കാണുന്നതെന്നും മന്ത്രി പറഞ്ഞു. അണക്കെട്ടിനും ടൂറിസം പാർക്കിനും ഇടയിലുള്ള പ്രദേശം മനോഹരമാക്കും. വയനാട് പാക്കേജ്, ജലസേചന വകുപ്പിന്റെ പ്ലാൻ ഫണ്ട്, ലഭ്യമായ മറ്റ് സ്‌കീമുകൾ എന്നിവയിലുൾപ്പെടുത്തി ടൂറിസം പദ്ധതി നടപ്പാക്കും. അണക്കെട്ടിന്റെയും സ്പിൽവേയുടെയും അവശേഷിക്കുന്ന നവീകരണ പ്രവൃത്തികൾ വിനോദ സഞ്ചാരികൾക്ക് ആകർഷകമായി രീതിയിലുള്ള മാതൃകയിലാവണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

കാരാപ്പുഴ പദ്ധതിയുടെ 25 കിലോമീറ്റർ കനാലിന്റെ ജോലികൾ പൂർത്തിയായി ജലവിതരണത്തിന് സജ്ജമായിട്ടുണ്ട്. 22 കിലോമീറ്റർ കനാലിന്റെ അറ്റകുറ്റപണി നടത്തി ജലവിതരണ സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ആകെ 129 കിലോമീറ്റർ കനാലാണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്. സംഭരണിയുടെ കപ്പാസിറ്റി കൂട്ടുന്നതിനും വിതരണ ശൃംഖല വിപുലീകരിക്കുന്നതിനും ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ റവന്യൂ വകുപ്പുമായി ഏകോപനമുണ്ടാക്കും. ഇതിനായി ബജറ്റിൽ 6 കോടി നീക്കിയിരിപ്പുണ്ട്. 2025 ഓടെ പദ്ധതി പൂർണാർഥത്തിൽ യാഥാർഥ്യമാക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും 2024 ഓടു കൂടി ശുദ്ധമായ കുടിവെള്ളം എത്തിക്കുന്നതിനുള്ള വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നത്.

ബാണാസുര കാരാപ്പുഴ കാവേരി പ്രോജക്ടുകൾ, വാട്ടർ അതോറിറ്റി, മൈനർ ഇറിഗേഷൻ, ഭൂജല വകുപ്പ് തുടങ്ങി ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട മുഴുവൻ വിഭാഗങ്ങളുടെയും പദ്ധതികളുടെ പുരോഗതി മന്ത്രി വിലയിരുത്തി.

യോഗത്തിൽ എം.എൽ.എമാരായ ഐ.സി.ബാലകൃഷ്ണൻ, ഒ.ആർ.കേളു, ടി.സിദ്ദിഖ്, എ.ഡി.എം ഷാജു എൻ.ഐ, കോഴിക്കോട് പ്രോജക്ട് വിഭാഗം ചീഫ് എഞ്ചിനീയർ എം.ശിവദാസൻ, സൂപ്രണ്ടിങ് എഞ്ചിനീയർമാരായ മനോജ് കുമാർ എം.കെ (മൈനർ ഇറിഗേഷൻ), രമേശൻ (പ്രോജക്ട് കണ്ണൂർ സർക്കിൾ), സി.ഗിരീശൻ (വാട്ടർ അതോറിറ്റി), എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ ബിന്ദു (ബാണാസുര പദ്ധതി), വി. സന്ദീപ് (കാരാപ്പുഴ പദ്ധതി), ടി.കെ ജയരാജ് (കാവേരി പദ്ധതി), ബിജു പി.സി (വാട്ടർ അതോറിറ്റി പ്രോജക്ട് വിംഗ്), എം. മനോജ് (വാട്ടർ അതോറിറ്റി പി.എച്ച് ഡിവിഷൻ), അനിത (മൈനർ ഇറിഗേഷൻ), ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ഡോ. ലാൽ തോംസൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

(ഫോട്ടോ)

ക്യാപ്ഷനുകൾ

ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ കാരാപ്പുഴ ഡാം, സ്പിൽവേ, മെഗാ ടൂറിസം പാർക്ക് എന്നിവ സന്ദർശിക്കുന്നു.

കലക്ടറേറ്റ് മിനി കോൺഫ്രൻസ് ഹാളിൽ ജലവിഭവ വകുപ്പിന്റെ ജില്ലാതല അവലോകന യോഗത്തിൽ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ സംസാരിക്കുന്നു.