മാനന്തവാടി: പയ്യംപള്ളി പ്രദേശത്തെ കടുവ ശല്യത്തിനെതിരെയും, കടുവ പിടിച്ച വളർത്ത് മൃഗങ്ങൾക്ക് മാർക്കറ്റ് വില നൽകണമെന്നുമാവശ്യപ്പെട്ട് യു.ഡി.എഫ് മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തിവരുന്ന റിലേ സത്യാഗ്രഹ സമരം ഒൻമ്പതാം ദിവസത്തിലേക്ക് കടന്നു. പനമരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബെന്നി അരിഞ്ചേർമല, അഞ്ചുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് നിലമ്പനാട്ട്, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സാബു നീർവാരം, ഗിരീഷ് മലങ്കര എന്നിവരാണ് ഇന്നലെ സത്യാഗ്രഹം അനുഷ്ഠിച്ചത്. കെ.പി.സി.സി.സെക്രട്ടറി എൻ.കെ.വർഗീസ് ഉദ്ഘാടനം ചെയ്യ്തു. സണ്ണി ചാലിൽ അദ്ധ്യക്ഷത വഹിച്ചു. എം.പി.ശശി കുമാർ, സിൽവി തോമസ്, കമ്മന മോഹനൻ, എ.എം.നിശാന്ത്, ടി.എ.റെജി, ലത്തീഫ് ഇമ്മാണ്ടി, കെ.എ.ജയിംസ്, ജിൻസ് ഫാന്റസി എന്നിവർ നേതൃത്വം നൽകി.