1

മാവൂർ: മാവൂർ പഞ്ചായത്തിലെ വിവിധ കൃഷി ഇടങ്ങളിൽ നിരോധിത കളനാശിനി പ്രയോഗം വ്യാപകമാവുകയാണ്. പഞ്ചായത്തിലെ കാർഷിക മേഖലയിൽ തൊണ്ണൂറ് ശതമാനവും വാഴ കൃഷിയാണ്. ഈ വാഴ തോട്ടങ്ങളിലാണ് വ്യാപകമായ രീതിയിൽ കളനാശിനി ഉപയോഗിക്കുന്നത്. മണ്ണിന്റെ തനതായ ഘടന നഷ്ടപ്പെടുമെന്ന യാഥാർത്ഥ്യം മനസിലാക്കാതെയാണ് പല കർഷകരും ഇത്തരം കീടനാശിനികൾ പ്രയോഗിക്കുന്നത്. ജലത്തിൽ കളനാശിനിയുടെ സാന്നിധ്യം ദീർഘകാലം നിൽക്കും.

ഇത് തോട്ടങ്ങളിലെ മറ്റ് സസ്യങ്ങൾക്കും ജലജീവികൾക്കും ഭീഷണിയാണ്. വാഴ തോട്ടങ്ങളിലെ ചാലുകളിലും തോട്ടിലുമുള്ള മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നുണ്ട്. തോട്ടിലും വയലുകളിലും ഇറങ്ങുന്നവർക്ക് ചൊറിച്ചിൽ പോലുള്ള അസുഖങ്ങളും ബാധിക്കുന്നു. മുമ്പ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ കളനാശിനി ഉപയോഗിച്ച സ്ഥലങ്ങളിലെ മണ്ണ് കോരികളഞ്ഞിരുന്നു. നെൽകൃഷി പൊതുവേ ഇവിടെ കുറവാണെങ്കിലും നെൽകൃഷി ചെയ്യുന്നവർ രഹസ്യമായി കളനാശിനി പ്രയോഗം നടത്തുന്നുണ്ട്.

ഇതു കാരണം കന്നുകാലികൾക്കായി വയലുകളിൽനിന്നും പുല്ല് അരിയാൻ ക്ഷീരകർഷകർക്ക് ധൈര്യമില്ല. നാട്ടുകാരുടെ വ്യാപകമായ പരാതി ശ്രദ്ധയിൽ പെട്ട സി.പി.എം. കണ്ണി പറമ്പ് ബ്രാഞ്ച് കമ്മറ്റി കൃഷി വകുപ്പിൽ പരാതി നൽകിയിട്ടുണ്ട്.

കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക അന്വേഷണത്തിൽ സർക്കാർ നിരോധിത റൗണ്ടപ്പ് എന്ന പേരിൽ അറിയപ്പെടുന്ന ഗ്ലൈഫോംസറ്റ് എന്ന കളനാശിനിയാണ് ഉപയോഗിക്കുന്നത് എന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്.

ചില കമ്പനികൾ പ്രതിനിധികൾ കർഷകരെ തെറ്റ് ധരിപ്പിച്ച് മാരക വിഷാംശമുള്ള കളനാശിനി വിൽപന നടത്തുന്നുണ്ട്. കർഷകർക്ക് വ്യക്തമായ നിർദേശങ്ങളും ബോധവത്ക്കരണവും നടത്തിയാൽ മാത്രമേ ഈ വിഷയത്തിന്റെ ഗൗരവം മനസിക്കാൻ അവർക്ക് കഴിയു. അതിന് മുന്നിട്ട് ഇറങ്ങേണ്ടത് കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിതികളും കർഷക യൂണിയനുകളുമാണ്.

 ബുദ്ധിമുട്ടിലാകുന്നത് ക്ഷീരകർഷകർ

 ജൈവരീതിയിലേയ്ക്ക് മടങ്ങാം

കൃഷിഭവനിൽനിന്നും എളുപ്പത്തിൽ ജൈവകളനാശിനികൾ ഉണ്ടാക്കുന്ന വിധം മനസിലാക്കാം.

മണ്ണിന് യാതൊരു കുഴപ്പവുമുണ്ടാകില്ല. മാത്രമല്ല, സൂക്ഷ്മമൂലകങ്ങളും നൈട്രജനും ഫോസ്ഫേറ്റും കൂടുതലായി മണ്ണിന് കൊടുക്കുകയും ചെയ്യുന്നു.

ഇതു വഴി മണ്ണിന് യാതൊരു കുഴപ്പവുമുണ്ടാകില്ലെന്ന് മാത്രമല്ല, സൂക്ഷ്മമൂലകങ്ങളും നൈട്രജനും ഫോസ്ഫേറ്റും കൂടുതലായി മണ്ണിന് കൊടുക്കുകയും ചെയ്യുന്നു.

 ഗ്ലൈഫോസേറ്റ്

നിയന്ത്രിത കളനാശിനിയായ ഗ്ലൈഫോസേറ്റടങ്ങുന്ന ഉത്പന്നങ്ങൾ അന്തർ വ്യാപന ശേഷിയുള്ളവയാണ്. കേരളത്തിലെ പാരിസ്ഥിതിക സംവിധാനത്തെ ഇത് ഹാനികരമായി ബാധിക്കുന്നുണ്ടെന്ന് കേരള സർവകലാശാലയിൽ നടത്തിയ പഠനത്തിൽ വ്യക്തമായിട്ടുണ്ട്.
ഗ്ലൈഫോസേറ്റ് വിഭാഗത്തിൽപെട്ട കളനാശിനികളുടെ നിയന്ത്രിതമല്ലാത്ത ഉപയോഗം ക്യാൻസറിനും ത്വക് രോഗങ്ങൾക്കും കാരണമാകുന്നതായി പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടികളിലും ഗർഭിണികളിലും പ്രത്യാഘാതങ്ങൾ രൂക്ഷമാവുമെന്നും പഠനങ്ങൾ പറയുന്നു.