
കുറ്റ്യാടി: തീപിടുത്തവും പ്രകൃതിക്ഷോഭവും നിരന്തരമായി വേട്ടയാടുന്ന കാവിലുംപാറ പഞ്ചായത്തിൽ അഗ്നിശമന സേന നിലയം സ്ഥാപിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്. കഴിഞ്ഞ ദിവസം തൊട്ടിൽ പാലം- വയനാട് ചുരം റോഡിലെ ആറാം വളവിൽ ഇരുപത്തിയഞ്ച് പേർ യാത്ര ചെയ്തിരുന്ന ടെമ്പോ ട്രാവലറാണ് കത്തി വെണ്ണിറായത്.
ഡ്രൈവറുടെ സമയോചിത ഇടപെടൽ കാരണമാണ് വൻ അപകടത്തിൽ നിന്നും യാത്രക്കാർ രക്ഷപെട്ടത്. ഏകദേശം നാല് മാസങ്ങൾക്ക് മുൻപ് കത്തിയെരിഞ്ഞ കാറിന്റെ അവശിഷ്ടഭാഗങ്ങൾ ചുരം പാതയോരത്ത് കിടക്കുന്നത് കാണാം. മലയോര മേഖല പഞ്ചായത്തുകളായ കാവിലുംപാറ, മരുതോങ്കര, കായക്കൊടി, പഞ്ചായത്തുകളിൽ സംഭവിക്കുന്ന അത്യാഹിതങ്ങൾക്ക് അഗ്നിശമന സേനാ വിഭാഗം എത്തുന്നത് കിലോമീറ്ററുകൾ ദൂരത്തിലുള്ള ചേലക്കാടിൽനിന്നാണ്.
മൂന്ന് മാസങ്ങൾക്ക് മുൻപ് ഉണ്ടായ കനത്ത ഉരുൾപൊട്ടൽ ഇന്നും പ്രദേശവാസികളെ ഭയപെടുത്തുകയാണ്. അത്യാവശ്യ സർവീസുകൾ വൈകി എത്തുമ്പോൾ അപകടത്തിന്റെ സാദ്ധ്യതയും നഷ്ടവും വർദ്ധിക്കും.
പലതരത്തിലുള്ള പ്രതിസന്ധികളിൽനിന്നും ജനങ്ങളെ കൈ പിടിച്ച് ഉയർത്താൻ കാവിലുംപാറ പഞ്ചായത്തിലെ തൊട്ടിൽപാലം കേന്ദ്രീകരിച്ച് ഫയർസ്റ്റേഷൻ ഉയർന്ന് വരണമെന്ന പൊതുജനാവശ്യത്തിന് ശക്തിയേറുകയാണ്.