കൽപ്പറ്റ: മാനന്തവാടി താലൂക്കിലെ കുറുക്കൻമൂലയിലും പരിസര പ്രദേശങ്ങളിലും കടുവയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് ആനുപാതികമായ വർദ്ധനയോടെ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കണമെന്ന് ജില്ലാ കലക്ടർ എ.ഗീതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് രൂപീകരിച്ച പ്രത്യേക സബ് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമുള്ള നഷ്ടപരിഹാരം നൽകണമെന്ന് യോഗം ശുപാർശ ചെയ്തു.

വന്യജീവി ആക്രമണത്തിൽ വനം വകുപ്പ് സാധാരണ നൽകുന്ന നഷ്ടപരിഹാരത്തിനു പകരമായി കുറുക്കൻമൂലയിലേത് പ്രത്യേക കേസായി പരിഗണിച്ച് മാർക്കറ്റ് വിലയിൽ ഉയർന്ന നഷ്ടപരിഹാരത്തിനാണ് സമിതിയുടെ ശുപാർശ.

മാനന്തവാടി സബ്കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കുന്നതിന് സബ് കമ്മിറ്റി രൂപീകരിച്ചത്.

കടുവയുടെ ആക്രമണത്തിൽ 13 പേരുടെ 16 വളർത്തുമൃഗങ്ങളും മറ്റൊരു വന്യജീവി ആക്രമണത്തിൽ പയ്യമ്പിള്ളി എളയിടത്ത് സ്വകാര്യ വ്യക്തിയുടെ ആടും നഷ്ടപ്പെട്ട കേസുകളിലാണ് പ്രത്യേക പാക്കേജിന് ശുപാർശ.

യോഗത്തിൽ എം.എൽ.എമാരായ ഐ.സി.ബാലകൃഷ്ണൻ, ഒ.ആർ.കേളു, ടി.സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, രാഹുൽ ഗാന്ധി എം.പിയുടെ പ്രതിനിധി കെ.എൽ.പൗലോസ്, നരഗസഭാ അദ്ധ്യക്ഷർ, സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, എ.ഡി.എം എൻ.ഐ.ഷാജു, ജില്ലാ പ്ലാനിങ് ഓഫീസർ ആർ.മണിലാൽ തുടങ്ങിയവർ പങ്കെടുത്തു.

വന്യമൃഗങ്ങൾക്ക് ആവാസമൊരുക്കുന്ന തരത്തിൽ കാടുമൂടി കിടക്കുന്ന സ്വകാര്യ എസ്റ്റേറ്റുകൾ കാടു വെട്ടി തെളിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

കൽപ്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യു പുനരാരംഭിക്കുന്നതിനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്ന് ടി.സിദ്ദിഖ് എം.എൽ.എ ആവശ്യപ്പെട്ടു. വൈത്തിരി താലൂക്ക് ആനമല കോളനിയിൽ ടിൻ ഷീറ്റു കൊണ്ട് നിർമ്മിച്ച വീടുകളിൽ താമസിക്കുന്ന കുടുംബങ്ങളുടെ ഭവന നിർമ്മാണം അടിയന്തിരമായ പൂർത്തീകരിക്കണമെന്ന എം.എൽ.എയുടെ ആവശ്യപ്രകാരം ഭവന നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ അറിയിച്ചു.

ടൂറിസം കേന്ദ്രങ്ങളിലേക്ക് താൽക്കാലിക ജീവനക്കാരെ നിശ്ചയിക്കുമ്പോൾ തദ്ദേശ സ്ഥാപന ഭരണ സമിതിയുടെ നിർദേശം കൂടി പരിഗണിക്കണമെന്ന ജില്ലാ വികസന സമിതി തീരുമാനം സർക്കാരിനെ അറിയിക്കണമെന്ന നിർദേശം കുടുംബശ്രീ മിഷനെയും ഉൾപ്പെടുത്തി പ്രത്യക യോഗം ചേരുന്നതിന് യോഗം തീരുമാനിച്ചു.

ഫോട്ടോ

ജില്ലാ കലക്ടർ എ. ഗീതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം