മാനന്തവാടി: വന്യമൃഗശല്യം പരിഹരിക്കുക, നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് മാനന്തവാടി ഗാന്ധി പാർക്കിൽ പത്ത് ദിവസമായി നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ കലക്ട്രേറ്റിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനും സമര സമിതി ഭാരവാഹികളും അറിയിച്ചു.

പത്താം ദിവസം സത്യാഗ്രഹമിരുന്ന ഡി.സി.സി.ജനറൽ സെക്രട്ടറി പി.വി.ജോർജിന് നാരങ്ങാനീര് നൽകി എൻ.ഡി.അപ്പച്ചൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എൻ.കെ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, സമര സമിതി കോഡിനേറ്റർ എ.എം.നിഷാന്ത്, യു.ഡി.എഫ് നേതാക്കളായ പടയൻ മുഹമ്മദ്, ജോസഫ് കളപ്പുരക്കൽ, പി.വി.നാരായണവാര്യർ, പി.വി.എസ്.മൂസ, സിൽവി തോമസ്, കമ്മന മോഹനൻ, സി.കെ. രത്നവല്ലി, സി.കുഞ്ഞബ്ദുള്ള, ഗിരിജ മോഹൻദാസ്, പി.എം.ബെന്നി, അസീസ് വാളാട്, സുശോഭ് ചെറുകുമ്പം, ഡെന്നിസൺ കണിയാരം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് യു.ഡി.എഫ് പ്രവർത്തകർ മാനന്തവാടി ടൗണിൽ പ്രകടനം നടത്തി.