കൽപ്പറ്റ: തുരങ്കപാതയ്ക്കെതിരെ ശക്തമായ സമരങ്ങളുമായി കോൺഗ്രസ് രംഗത്ത് വരുമെന്ന് ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ പറഞ്ഞു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പോലും ലഭിക്കാത്ത അപ്രായോഗികവും ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്നതുമായ ഈ പദ്ധതിയെ കുറിച്ച് സർക്കാരിന് യാതൊരു വ്യക്തതയുമില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പരിസ്ഥിതി ദുർബല പ്രദേശത്ത് കൂടി മലതുരന്ന് പാത നിർമ്മിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ചിപ്പിലിത്തോട്, മരുതിലാവ്, തളിപ്പുഴ ബദൽപാത പ്രാവർത്തികമാക്കിയാൽ തീരുന്നതാണ് നിലവിലെ ഗതാഗത പ്രശ്നം.

കാർഷിക ഉത്പ്പന്നങ്ങളുടെ വിലയിടിവ്, ഉത്പ്പാദനക്കുറവ്, വന്യമൃഗശല്യം എന്നിവ കൊണ്ട് ദുരിതമനുഭവിക്കുന്ന കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാറിന് കഴിയുന്നില്ല. രാത്രിയാത്രാ നിരോധനം നീക്കാൻ ഫലപ്രദമായ ഇടപെടൽ നടത്താൻ ശ്രമിച്ചില്ല. ബോയ്സ് ടൗണിൽ നിർമിക്കുമെന്ന് പറയുന്ന വയനാട് മെഡിക്കൽ കോളേജ് കെട്ടിടം ജനങ്ങൾക്ക് ഏത് രീതിയിൽ ഉപകാരപ്രദമാകുമെന്ന് സർക്കാർ വ്യക്തമാക്കണം. ഏറെ കൊട്ടിഘോഷിച്ച വയനാട് പാക്കേജും നടപ്പാക്കാൻ സാധിച്ചിട്ടില്ല.

വയനാട്ടിലെ എല്ലാ വിഭാഗക്കാരെയും അവഗണിക്കുന്ന സർക്കാരിനെതിരെ ശക്തമായ സമരത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും ജനുവരി രണ്ടാം വാരം കോൺഗ്രസ് നേതാക്കൾ അണിനിരക്കുന്ന സമര പ്രഖ്യാപന കൺവെൻഷൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കൺവെൻഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുക്കും.