അടിമാലി: ടൗണുമായി ചേർന്ന് കിടക്കുന്ന കുര്യൻസ്‌പടി- അപ്‌സരകുന്ന് റോഡിന്റെ ഭാഗമായ തകർന്ന പാലം പുനർനിർമ്മിക്കാൻ നടപടിയില്ല. ടൗണിൽ ബൈപ്പാസ് റോഡായി ഉപയോഗിക്കാൻ കഴിയുന്ന പാതയാണ് കുര്യൻസ്‌പടി- അപ്‌സരാകുന്ന് റോഡ്. 2018ലെ പ്രളയത്തിൽ ഇരുഭാഗത്തു നിന്നും തൂണുകൾ ഇളകി പോകുകയും റോഡിടിഞ്ഞ് ഗർത്തം രൂപപ്പെടുകയും ചെയ്തതോടെയായിരുന്നു ഇതുവഴിയുള്ള ഗതാഗതം നിലച്ചത്. റോഡിന്റെ ഇരുഭാഗത്തും ഇരുമ്പു കമ്പികൾ സ്ഥാപിച്ച് ഇതുവഴിയുള്ള യാത്ര വിലക്കിയിട്ടുണ്ട്. പ്രദേശവാസികൾ കാൽനടയാത്രയ്ക്ക് ഈ വഴി ആശ്രയിച്ച് പോരുന്നു. നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രശ്‌നപരിഹാരമുണ്ടായിട്ടില്ലെന്ന പരാതി ഉണ്ട്. സമീപവാസികൾ ഉൾപ്പെടെ അടിമാലി ടൗണിലേക്കെത്തുന്ന നിരവധി ആളുകൾ ആശ്രയിച്ച് വന്നിരുന്ന പാത പാലത്തിന്റെ നിർമ്മാണം നടക്കാതെ വന്നതോടെ അടഞ്ഞ മട്ടാണ്. ടൗണിൽ സെൻട്രൽ ജംഗ്ഷൻ ഭാഗത്ത് ഏതെങ്കിലും വിധത്തിലുള്ള ഗതാഗതകുരുക്കുണ്ടായാൽ വാഹനങ്ങൾ വഴി തിരിച്ച് വിടാൻ മുമ്പ് ഈ വഴി പ്രയോജനപ്പെടുത്തിയിരുന്നു. ബലക്ഷയം സംഭവിച്ച പാലം പുനർനിർമ്മിച്ച് ഈ വഴി ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.