നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം

പൊൻകുന്നം: ആകെ പെട്ടുപോകും... ഇപ്പോൾ പൊൻകുന്നം നഗരത്തിലെത്തുന്ന വാഹനയാത്രക്കാരുടെ അവസ്ഥ ഇതാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളും വലിയ തോതിൽ എത്തിത്തുടങ്ങിയതോടെ പൊൻകുന്നം നഗരത്തിൽ വാഹനത്തിരക്കേറി. ഇതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് പതിവായി. മണ്ഡലകാലംതുടങ്ങി ആദ്യ ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം കുറവായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.എല്ലാ വഴികളിലും ട്രാഫിക് ജംഗ്ഷൻ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്.രാവിലെയും വൈകുന്നേരവുമാണ് തിരക്ക് കൂടുതൽ. പൊൻകുന്നത്ത് നിന്നും എരുമേലിക്ക് വഴിതിരിയുന്ന കെ.വി.എം.എസ് ജംഗ്ഷനിൽ ട്രാഫിക്‌ പൊലീസ് ഡ്യൂട്ടിക്കുണ്ടെങ്കിലും ചില നേരങ്ങളിൽ തിരക്ക് നിയന്ത്രണാതീതമാകാറുണ്ട്.ശനിയാഴ്ച ദിവസങ്ങളിൽ പതിവുള്ള തിരക്ക് ഇന്നലെയും അനുഭവപ്പെട്ടു.

നിയന്ത്രണം വിനയായി

കാഞ്ഞിരപ്പള്ളി 26-ാം മൈൽ പാലത്തിൽ നിയന്ത്രണമുള്ളതിനാൽ തീർത്ഥാടകവാഹനങ്ങൾ കൂടുതലും പൊൻകുന്നം വിഴിക്കത്തോട് വഴിയാണ് എരുമേലിക്ക് പോകുന്നത്. ഇതും പൊൻകുന്നം നഗരത്തിൽ തിരക്കുകൂടാൻ കാരണമായി.