food

കോട്ടയം: പാചക വാതകത്തിന്റെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് ഇന്നലെ 101 രൂപ കൂട്ടിയതോടെ വില മൂവായിരത്തോട് അടുത്തു. ബില്ല് വില 2095രൂപ 50 പൈസയാണ്. ഹോട്ടലുകളിലെത്തുമ്പോൾ 3000 ആകും. അരി, പച്ചക്കറി, പല വ്യഞ്ജന വില കുതിച്ചുയർന്നതിനൊപ്പം പാചകവാതക വിലയും കൂടിയതോടെ ആഹാരസാധനവിലയിൽ വർദ്ധന വരുത്താതെ എങ്ങനെ ഹോട്ടലുകൾ നടത്തിക്കൊണ്ടു പോകുമെന്ന് ചോദിക്കുകയാണ് ഉടമകൾ.

19 കിലോ തൂക്കം വരുന്ന വാണിജ്യ സിലിണ്ടറിന് 1100 രൂപയുടെ വർദ്ധനവാണ് മൂന്ന് മാസത്തിനുള്ളിൽ ഉണ്ടായത് . ഒരു ദിവസത്തേക്കാവശ്യമായ സാധനങ്ങൾ വാങ്ങുന്ന ചെലവിൽ 3000 -4000 രൂപയുടെ വർദ്ധന ഒരു മാസത്തിനുള്ളിൽ ഉണ്ടായി. ഈ വർദ്ധനവിനൊപ്പം ആഹാരസാധനങ്ങളുടെ വില കൂട്ടാമെന്നു വച്ചാൽ ശബരിമല സീസണിൽ സർക്കാർ നിശ്ചയിച്ച നിരക്കിൽ കൂടതൽ ഈടാക്കിയാൽ നടപടി ഉണ്ടാവും . ഹോട്ടലുകൾ പൂട്ടുക മാത്രമേ മാ‌ർഗമുള്ളൂവെന്ന് ഉടമകൾ പറയുന്നു .

വാണിജ്യ സിലിണ്ടർ വില

 ഫെബ്രുവരി: 1566 രൂപ

ആഗസ്റ്റ് : 1644

സെപ്തംബ‌ർ :1738

നവംബർ -1994

ഡിസംബർ- 2095.50

' മുഴുവൻ സീറ്റുകളിലും ഇരുന്നു കഴിക്കാൻ അനുവാദമായിട്ടില്ല. പഴയ പോലെ കുടുംബങ്ങൾ വരുന്നില്ല. വൈദ്യുതി, വെള്ളം, ലൈസൻസ് നിരക്കുകളിൽ ഒരു കുറവും സർക്കാർ വരുത്തിയിട്ടുമില്ല . പാചക തൊഴിലാളിക്ക് ദിവസം 1000 രൂപ വരെ കൊടുക്കണം. ചെലവ് കൂടിയതനുസരിച്ച് വരവ് വർദ്ധിച്ചില്ല. ലാഭമില്ലെങ്കിൽ അടച്ചു പൂട്ടേണ്ടി വരും. ആഹാരസാധനങ്ങളുടെ വില കുത്തനെ വർദ്ധിപ്പിക്കുന്നത് ഹോട്ടൽ ഭക്ഷണത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരെ ബാധിക്കുമെന്നറിയാം.'

- വിഷ്ണു, ഹോട്ടൽ ഉടമ

' പാചക വാതക വിലയിൽ മൂന്നു മാസത്തിനുള്ളിൽ 1000 രൂപയിലേറെ കടന്നിട്ടും നാലു വർഷം മുമ്പത്തെ ചായയുടെ വിലയാണ് ഇപ്പോഴും വാങ്ങുന്നത്. സവാള, ഉള്ളി വില കുതിച്ചുയർന്നു . തക്കാളിവില 100 രൂപയിലെത്തി. കച്ചവടം കുറഞ്ഞാലും ജീവനക്കാരെ കുറയ്ക്കാൻ കഴിയില്ല. ചെലവ് കൂടി. വരുമാനം കൂടുന്നില്ല. നഷ്ട കച്ചവടവുമായി മുന്നോട്ടു പോകാൻ കഴിയാത്തതിനാലാണ് പല പ്രമുഖ ഹോട്ടലുകളും പൂട്ടിയത്. പ്രതിസന്ധി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും പ്രയോജനമില്ല

- എൻ.പ്രതീഷ്, ജില്ലാ സെക്രട്ടറി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ