പാലാ: സി.പി.എം പാലാ ഏരിയ സമ്മേളനത്തിന് രാമപുരമൊരുങ്ങി. കാൽനൂറ്റാണ്ടിന് ശേഷമാണ് ഏരിയ സമ്മേളനത്തിന് രാമപുരം വേദിയാകുന്നത്.
രാമപുരത്തെ ആദ്യകാല പാർട്ടി നേതാവും ലോക്കൽ സെക്രട്ടറിയായിരുന്നു ജോസഫ് പൈമ്പള്ളി. രാമപുരം ടൗണിൽ കേവലം ഒരു കിലോമീറ്റർ മാത്രം ഒതുങ്ങിനിന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനത്തിന് ഗ്രാമീണമണ്ണിലൂടെ വേരോടിച്ചത് പൈമ്പള്ളിയുടെ കഠിനാധ്വാനമാണെന്ന് പറയാതെ വയ്യ. ഇന്ന് മുന്നൂറോളം പാർട്ടി മെമ്പർമാരും ആയിരക്കണക്കായ അണികളുമുള്ള പഞ്ചായത്താണ് രാമപുരം. 1995ൽ ഒട്ടേറെ സവിശേഷതകളുമായാണ് രാമപുരത്തെ സി.പി.എം സമ്മേളനത്തിന് കൊടിയിറങ്ങിയത്. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലയിലെ തന്നെ പ്രമുഖ നേതാവുമായ ലാലിച്ചൻ ജോർജ്ജ് പാലാ ഏരിയാ സെക്രട്ടറിയുടെ ചുമതലയിലാകുന്നത് അന്നത്തെ രാമപുരം സമ്മേളത്തോടെയാണ്. രാമപുരം സമ്മേളനത്തിന്റെ വേദി മൺമറഞ്ഞ മുൻലോക്കൽ സെക്രട്ടറി കെ.ജി. രവീന്ദ്രന്റെ പേരിലാണ്. രാമപുരം ജംഗ്ഷന് അടുത്തുള്ള മൈക്കിൾ പ്ലാസ കൺവെൻഷൻ സെന്ററിലെ 'കെ.ജി. രവീന്ദ്രൻ നഗറിൽ ' ഇന്ന് ഏരിയ സമ്മേളനത്തിന് തുടക്കമാകും. ഏഴാച്ചേരിയിൽ കെ.ജി. രവീന്ദ്രന്റെ സ്മൃതിമണ്ഡപത്തിൽ നിന്നും ബന്ധുക്കൾ കൊളുത്തിക്കൊടുക്കുന്ന ദീപശിഖ സമ്മേളന നഗറിൽ സമ്മേളന രക്ഷാധികാരി ലാലിച്ചൻ ജോർജ്ജ് ഏറ്റുവാങ്ങും. ഏരിയാ സമ്മേളനം ഏറ്റവും മികവുറ്റതാക്കാനുള്ള തിരക്കിലാണ് സംഘാടക സമിതിയിലുള്ള രാമപുരം സ്വദേശികൾകൂടിയായ കെ.എസ് രാജുവും, എം.ടി ജാന്റഷും വി.ജി വിജയകുമാറുമൊക്കെ.