പൊൻകുന്നം:ഗതാഗതനിയന്ത്രണത്തിലെ പാളിച്ച മൂലം നിരത്തിൽ ഒരു ജീവൻകൂടി പൊലിഞ്ഞു.പൊൻകുന്നം അരവിന്ദാ ആശുപത്രിയിലെ ജീവനക്കാരിയായ കൂവപ്പൊയ്ക കൃഷ്ണവിലാസത്തിൽ അമ്പിളിയാണ് ഇന്നലെ മരിച്ചത്. സ്‌കൂട്ടറിലെത്തിയ അമ്പിളി ദേശീയപാതയിൽ നിന്നും കെ.വി.എം.എസ് റോഡിലേക്ക് തിരിയാനൊരുങ്ങുമ്പോൾ പിന്നിൽ നിന്നും അമിതവേഗത്തിലെത്തിയ ലോറി അമ്പിളിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.കണ്ടുനിന്നവർ ഒരിക്കൽകൂടി നോക്കാൻ ഭയപ്പെട്ടുപോയ സംഭവം.
കഴിഞ്ഞമാസമാണ് ഇതേസ്ഥലത്ത് കാർ സ്‌കൂട്ടറിലിടിച്ച് ഒരാൾ മരിക്കുകയും മൂന്നുപേക്ക് പരിക്കേൽക്കുകയും ചെയ്തത്.പൊൻകുന്നം പ്രൈവറ്റ് ബസ് സ്റ്റാന്റ് മുതൽ കെ.വി.എം.എസ് ജംഗ്ഷൻ വരെ ദേശീയപാത നിറയെ കുഴികളാണ്.ഇവിടെ അപകടങ്ങൾ പതിവായിട്ടും ഗതാഗതനിയന്ത്രണത്തിന് ശാശ്വതമായ പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ശബരിമല തീർത്ഥാടനം തുടങ്ങിയിട്ടും ഗതാഗത നിയന്ത്രണത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയില്ല.