ratheesh-surendran
ചിത്രം. രതീഷ് സുരേന്ദ്രന്‍

അടിമാലി: ഹോട്ടലിൽ ചാരായം വാറ്റിയ പ്രതിഎക്സൈസ് സംഘത്തിന്റെ പിടിയിൽ. പനംകൂട്ടി ചെരുവിള പുത്തൻവീട് രതീഷ് സുരേന്ദ്രനാണ് (45) പിടിയിലായത്. അടിമാലി എക്‌സൈസ് റേഞ്ച് പാർട്ടി പനംകുട്ടിയിൽ നടത്തിയ റെയ്ഡിൽ 20 ലിറ്റർ കോടയും 100 മില്ലി ലിറ്റർ ചാരായവും പ്രഷർകുക്കർ ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും സഹിതമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രതീഷ് നടത്തുന്ന ഹോട്ടലിൽ ഡ്രൈഡേയുടെ മറവിൽ വിൽപ്പന നടത്തുന്നതിനായി ചാരായം വാറ്റുന്നുണ്ടെന്ന പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം പരിശോധനയ്ക്കെത്തിയപ്പോഴാണ് ചാരായം വാറ്റിക്കൊണ്ടിരുന്ന പ്രതി വലയിൽ കുടുങ്ങിയത്. പ്രിവന്റീവ് ഓഫീസർ പി.ടി. ഉമ്മറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അനിൽ കെ.എൻ. സിവിൽ എക്‌സൈസ് ഓഫീസർമാരായ സുനീഷ് കുമാർ കെ.ബി, മീരാൻ കെ.എസ്, ഉണ്ണിക്കൃഷ്ണൻ കെ.പി എന്നിവരും പങ്കെടുത്തു. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.