
കോട്ടയം: സംവിധായകൻ ജയരാജന് വേമ്പനാട്ട് കായൽ രണ്ടാമതൊരു നായകനെയും സമ്മാനിച്ചു, 'നിറയെ തത്തകളുള്ള മരം" എന്ന ചിത്രത്തിലെ മൂന്നാം ക്ളാസുകാരൻ ആദിത്യൻ. 'ഒറ്റാലിലെ" നായകൻ കുമരകം വാസവനെയും വേമ്പനാട്ടിൽ നിന്നാണ് ജയരാജൻ കണ്ടെത്തിയത്.
വള്ളം തുഴഞ്ഞ് അപ്രതീക്ഷിതമായി സിനിമയിലെത്തിയതിന്റെ സന്തോഷത്തിലാണ് കുമരകം മൂലേത്രയിൽ കുഞ്ഞ് ആദിത്യൻ. ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിക്കഴിഞ്ഞു 'നിറയെ തത്തകളുള്ള മരം". 'വള്ളം തുഴയുന്നൊരു കുട്ടി കുമരകത്തുണ്ടെന്നറിഞ്ഞാണ് ചെന്നത്. അഭിനയത്തോട് താത്പര്യം കാട്ടാത്ത അവനോട് സംസാരിക്കുമ്പോഴാണ് കായലിലൂടെ മോട്ടോർ വള്ളം നിഷ്പ്രയാസം ഓടിച്ചെത്തിയ ആദിത്യനെ കണ്ടത്. പിന്നെ മറുത്ത് ചിന്തിക്കേണ്ടി വന്നില്ല''- ജയരാജ് പറയുന്നു.
അതുവരെ അഭിനയിച്ചിട്ടില്ലാത്ത ആദി കാമറയ്‌ക്ക് മുന്നിൽ ഗംഭീരമാക്കി. കുമരകത്തും പരിസരത്തുമായി പത്തുദിവസത്തെ ഷൂട്ടിംഗ്. ആദിയുടെ എട്ടാം പിറന്നാൾ ദിനമായ ജനുവരി 23നാണ് ഷൂട്ടിംഗ് തുടങ്ങിയത്. ലൊക്കേഷനിൽ കേക്ക് മുറിച്ച് പുതിയ നടന്റെ പിറന്നാളും ആഘോഷിച്ചു.
അഞ്ചാം വയസിൽ വള്ളം തുഴയാൻ പഠിച്ചു
ആദിത്യന്റെ അച്ഛൻ മണിക്കുട്ടൻ മത്സ്യത്തൊഴിലാളിയാണ്. തന്റെ കുഞ്ഞ് വീടിനോട് ചേർന്ന് കൈത്തോട്ടിൽ കെട്ടിയിടുന്ന വള്ളം തുഴയാൻ അഞ്ചു വയസിൽ തന്നെ ആദി പഠിച്ചു. പിന്നെ മോട്ടോർ വള്ളം നിഷ്പ്രയാസമോടിക്കാനും. മഴക്കാറും കായൽക്കാറ്റുമൊന്നും പ്രതിസന്ധിയായില്ല. ഈ മിടുക്കിലാണ് ജയരാജിന്റെ മനസിലേക്ക് ആദി തുഴഞ്ഞു കയറിയത്.
സിനിമ റിലീസാകാനുള്ള കാത്തിരിപ്പിലാണ് ആദിത്യനും നാടും. കുമരകം എസ്.എൽ.വി എൽ.പിസ്കൂളിന് സിനിമാ നടനെ കിട്ടിയതിന്റെ ആഹ്ളാദം അദ്ധ്യാപകർക്കും. നീതുവാണ് അമ്മ. സഹോദരി ആദിത്യ.
'ചെറുപ്രായത്തിൽ കുടുംബം നോക്കേണ്ടി വരുന്ന ബോൾഡായ കഥാപാത്രത്തെയാണ് ആദി ഗംഭീരമാക്കിയത്. നാട്ടിൽ വന്നുപെടുന്ന അന്ധനായ വൃദ്ധനുമായി കായൽനടുവിലും ആറ്റിലുമൊക്കെ വള്ളത്തിലൂടെ പോകുന്ന രംഗങ്ങൾ നിഷ്‌പ്രയാസം കൈകാര്യം ചെയ്‌തു''.
- ജയരാജ്, സംവിധായകൻ
'എനിക്ക് ഒരു പേടിയുമില്ലായിരുന്നു. എല്ലാം അവർ പറഞ്ഞു തന്നു. സിനിമ ഒന്നു റിലീസായാൽ മതി. വേറെ സിനിമ വന്നാലും അഭിനയിക്കണം''.
- ആദിത്യൻ