ഇത്തിത്താനം: പേരിന് വേണമെങ്കിൽ തോടെന്ന് വിളിക്കാം. ആകെ കോലംകെട്ടിയ അവസ്ഥയിലാണ് പൊൻപുഴ തോട്. സംരക്ഷണഭിത്തി നിർമ്മിക്കാത്തതാണ് തോട് നാശത്തിലേക്ക് നീങ്ങാൻ പ്രധാനകാരണം. തോടിന് ഇരുവശവും ഇടിഞ്ഞനിലയിലാണ്. തോടിന് സമീപത്തെ നടവഴിയും ഇടിഞ്ഞുപൊളിഞ്ഞ നിലയിലാണ്. കയ്യാല കല്ലുകൾ ഇടിഞ്ഞ് തോട്ടിൽ പതിച്ചതിനാൽ നീരൊഴുക്കും തടസപ്പെട്ടു. വെള്ളപ്പൊക്ക സമയങ്ങളിൽ തോടിന്റെ ഇരുകരകളിലെയും വീടുകളിൽ ഇപ്പോൾ വെള്ളം കയറുന്ന സ്ഥിതിയാണ്. പ്രദേശത്തെ കോളനി നിവാസികൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തോട്ടിൽ മാലിന്യം തള്ളുന്നതും പതിവാണ്. ഇതുമൂലം പ്രദേശം പകർച്ചവ്യാധി ഭീഷണിയിലാണ്.
പുനസ്ഥാപിക്കണം
സംരക്ഷണഭിത്തി നിർമ്മിച്ച് തോടും വഴിയും പുനസ്ഥാപിക്കുക എന്നതാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.ഇനിയും നടപടി വൈകിയാൽ തോട് പൂർണ നാശത്തിലേക്ക് നീങ്ങുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.