bineesh-kodiyeri

പാലാ: നിയമ വഴിയിൽ സജീവമാകുന്നതിന്റെ ഭാഗമായി സഹപാഠികളായ ബിനീഷ് കോടിയേരിയും, ഷോൺ ജോർജും, നിനു എം. ദാസും ചേർന്ന് ഹൈക്കോടതിക്ക് സമീപം വക്കീൽ ഓഫീസ് തുറക്കുന്നു. എറണാകുളം ഹൈക്കോടതി റോഡിൽ കെ.എച്ച്.സി.എ.എ ചേംബർ കോംപ്ലക്‌സിലെ ഓഫീസ് അഞ്ചിന് രാവിലെ 11.30നാണ് ഉദ്ഘാടനം ചെയ്യും.

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും മുൻ എം.എൽ.എയും ജനപക്ഷം ചെയർമാനുമായ പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജും സംസ്ഥാന മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ മോഹൻദാസിന്റെ മകൻ നിനു എം. ദാസും സഹപാഠികളും സുഹൃത്തുക്കളുമാണ്.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ പ്രീഡിഗ്രി പഠന കാലം മുതൽ സഹപാഠികളാണ്. തിരുവനന്തപുരം ലാ അക്കാഡമയിൽ ചേർന്നതും ഒരുമിച്ചായിരുന്നു. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ എസ്.പി. അരവിന്ദാക്ഷന്റെ ഓഫീസുമായി ബന്ധപ്പെട്ടാണ് ഇവരുടെ പ്രവർത്തനം.

 ഷോൺ മൂന്ന് ദിവസം എറണാകുളത്ത്
ഷോൺ ആഴ്‌ചയിൽ മൂന്ന് ദിവസം എറണാകുളത്തെ ഓഫീസിലുണ്ടാകും. ഒപ്പം ഈരാറ്റുപേട്ട കോടതിയിലെ പ്രാക്ടീസും പൊതു പ്രവർത്തനവും തുടരും.

കോട്ടയം ജില്ലാ പഞ്ചായത്തിലെ പൂഞ്ഞാർ ഡിവിഷനംഗവുമാണ്. ബിനീഷ് രണ്ടു ദിവസം എറണാകുളത്തെ ഓഫീസിലും ബാക്കി ദിവസങ്ങളിൽ തിരുവനന്തപുരം ജില്ലാ കോടതിയിലുമുണ്ടാകും. നിനു എല്ലാ ദിവസവും എറണാകുളത്തുണ്ടാകും.

'പൊതുപ്രവർത്തനത്തോടൊപ്പം അഭിഭാഷക രംഗത്തും കൂടുതൽ സജീവമാകുകയാണ് ലക്ഷ്യം. അടുത്ത ബന്ധുക്കളെയും, സുഹൃത്തുക്കളെയും മാത്രമാണ് ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചിട്ടുള്ളത്".

- ഷോൺ ജോർജ്