കോട്ടയം: ഉൾനാടൻ തുറമുഖമായ കോട്ടയം പോർട്ടും കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിമാർ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സും ഉൾനാടൻ ജലാശയം വഴിയുള്ള ചരക്കു നീക്കത്തിൽ യോജിച്ചു പ്രവർത്തിക്കാൻ ധാരണയായി. സഹകരണ മന്ത്രി വി.എൻ വാസവൻ , വ്യവസായ മന്ത്രി പി. രാജീവ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ കോട്ടയം പോർട്ട് മാനേജിംഗ് ഡയറക്ടർ എബ്രഹാം വർഗീസും അസിമാർ ഷിപ്പിംഗ് മാനേജിംഗ് പാർട്ണർ അനി പീറ്ററും ധാരണാ പത്രത്തിൽ ഒപ്പുവച്ചു.
മുപ്പത് കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള ഉൾനാടൻ ജലാശയത്തിനുള്ള ബാർജ്, ആധുനിക വെയർഹൗസ് എന്നിവ കോട്ടയത്ത് നിർമ്മിക്കാനുള്ള നടപടി തുടങ്ങിയതായി അസിമാർ ഷിപ്പിംഗ് മാനേജിംഗ് പാർട്ണർ അനി പീറ്റർ പറഞ്ഞു.
കോട്ടയം പോർട്ടിൽ പൂർണ തോതിലുള്ള ചരക്കുനീക്കവും ആധുനിക വെയർഹൗസ് സംവിധാനവും നിലവിൽവരുന്നതോടെ കേരളത്തിലെ ലോജിസ്റ്റിക് രംഗത്ത് വൻ മാറ്റം ഉണ്ടാവുമെന്ന് മന്ത്രി വി.എൻ വാസവൻ അഭിപ്രായപ്പെട്ടു .
കോട്ടയം പോർട്ട് ചെയർമാനും കിൻഫ്ര മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് കോശി തോമസ് , കോട്ടയം പോർട്ട് ഡയറക്ടർമാരായ ബൈജുസ് , എം.സി അലക്സ്, ജനറൽ മാനേജർ രൂപേഷ് ബാബു, പ്രതിനിധികളായ മൈബു സക്കറിയാ , ആകാശ് മാത്യു എന്നിവർ പങ്കെടുത്തു.