പൊൻകുന്നം:പൊൻകുന്നം സർവീസ് സഹകരണ ബാങ്കിനെതിരെ നടക്കുന്ന ദുഷ്പ്രചരണം രാഷ്ട്രീയ പ്രേരിതമാണെന്ന് ഭരണസമിതിയംഗങ്ങൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ബാങ്കിലെ 2654ാം നമ്പർ അംഗമായ കെ.ജി രത്‌നമ്മ പറപ്പള്ളിക്കുന്നേൽ ബാങ്കിന്റെ കാവുംഭാഗം ശാഖയിൽ 2,15,000 രൂപയ്ക്ക് പണയം വെച്ച 73.65 ഗ്രാം സ്വർണം പലിശ സഹിതം 2,22,028 രൂപ അടച്ച് 2021 ജനുവരി 27ന് ഉരുപ്പടികൾ തിരികെ കൈപ്പറ്റിയതായാണ് ബാങ്കിന്റെ രേഖകൾ.എന്നാൽ പണയ ഉടമ നവംബർ 29 ന് ബാങ്കിൽ വന്ന് പണയം പുതുക്കാൻ ആവശ്യപ്പെട്ടു.ബ്രാഞ്ചു മാനേജരുടെ പരിശോധനയിൽ പണയം ക്ലോസ് ചെയ്ത് ഉരുപ്പടികൾ തിരികെ കൈപ്പറ്റിയതായി അറിയിച്ചു. പണയ ഉരുപ്പടികൾ കൈപ്പറ്റിയിട്ടില്ലെന്ന് ഉടമ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ രേഖാമൂലം പരാതി നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ പരാതി നൽകിയില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ബാങ്കിന്റെ പണയ ഉരുപ്പടികൾ തിരികെ കൈപ്പറ്റിയതായി രേഖപ്പെടുത്തിയിരിക്കുന്ന ഒപ്പിൽ വ്യത്യാസം ഉണ്ടെന്ന് മനസിലായി.അന്ന് തന്നെ കൂടിയ ഭരണസമിതി യോഗത്തിൽ കാവുംഭാഗം ശാഖയിലെ മുൻ ബ്രാഞ്ച് മാനേജരായ എം. എം. ആശലതയെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ അവരുടെ മറുപടി തൃപ്തികരമല്ലാത്തതിനാൽ സർവീസിലിരിക്കെ ബാങ്കിൽ നടത്തിയ ക്രമക്കേട് സംബന്ധിച്ച് നവംബർ 30ന് രേഖാമൂലം നോട്ടീസ് നൽകി. നോട്ടീസിനുള്ള മറുപടി കൈപ്പറ്റി 24 മണിക്കൂറിനകം രേഖാമൂലം നൽകണമെന്ന് അറിയിച്ചിരുന്നു.എന്നാൽ മറുപടി കിട്ടാത്തതിനാൽ ഡിസംബർ രണ്ടിന് ബാങ്ക് സ്വർണ്ണപ്പണയ വായ്പ ക്ലോസ് ചെയ്തതു സംബന്ധിച്ച് മണിമല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.ഒരു തട്ടിപ്പുകാരെയും സംരക്ഷിക്കുന്ന ചരിത്രം ബാങ്കിനില്ലെന്നും ഭരണസമിതിയംഗങ്ങൾ പറഞ്ഞു.
മുൻ ജീവനക്കാരിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ പോരായ്മയുടെ പേരിൽ വിശ്വാസ്യതയും പാരമ്പര്യവുമുള്ള ബാങ്കിനെ അപകീർത്തിപ്പെടുത്തുന്നത് ശരിയല്ലെന്നും ഭരണസമിതി ചൂണ്ടിക്കാട്ടി. ബാങ്ക് പ്രസിഡന്റ് ടി. ജോസഫ് തുണ്ടത്തിൽ, വൈസ് പ്രസിഡന്റ് ആർ .രാജേഷ് പാലത്ത്, അഡ്വ.ഗിരീഷ് എസ് .നായർ, ഭരണ സമിതിയംഗങ്ങൾ, സെക്രട്ടറി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.