പാലാ: എന്തിനാണ് ഇങ്ങനെയൊരു ഗേറ്റും തൂണും...! പൊളിച്ച് മാറ്റേണ്ട സമയം എന്നേ കഴിഞ്ഞു. എന്തെങ്കിലും അസുഖമോ അപകടമോ ഉണ്ടാകുമ്പോഴാണല്ലോ ആരും ആശുപത്രിയിലേക്ക് പായുക. എന്നാൽ ആശുപത്രിയിൽ നിന്ന് അപകടം ഉണ്ടായാൽ എന്തു ചെയ്യും...? പാലാ ജനറൽ ആശുപത്രിയിലെ കവാടത്തിൽ ഇപ്പോൾ നിൽക്കുന്ന പൊളിഞ്ഞുവീഴാറായ തൂണ് എത്രയുംവേഗം പൊളിച്ചുമാറ്റിയേ പറ്റൂ. തൂണിനെ ചികിത്സിച്ച് ജനത്തെ രക്ഷിക്കാൻ ഏതെങ്കിലും ജനപ്രതിനിധികൾ മുന്നോട്ടുവരുമോ...?ഭീതിയോട് ചോദിക്കുകയാണ് ജനറൽ ആശുപത്രിയിലേക്ക് എത്തുന്ന രോഗികളും കൂട്ടിരുപ്പുകാരും ജീവനക്കാരും.
ഏതൊരു പ്രാഥമിക ആശുപത്രിക്ക് പോലും മുന്നിൽ ഒരു ഗേറ്റ് ഉണ്ടാകും; ആ ആശുപത്രിയുടെ പേര് എഴുതിവച്ച ഒരു കവാടം. പക്ഷേ കോടികളുടെ വികസനം നടന്ന പാലാ ജനറൽ ആശുപത്രിക്ക് ഇനിയും ഒരു കവാടം ആയിട്ടില്ല എന്നതാണ് ദുഃഖകരമായ വസ്തുത. പുതിയ ആർച്ച് ഗേറ്റ് വേണ്ടിടത്താണ് ആടിയുലഞ്ഞ് നിൽക്കുന്ന തൂണ് സ്ഥിതി ചെയ്യുന്നത്. സിമിന്റുകൾ അടർന്ന് കട്ടയും കമ്പിയും തെളിഞ്ഞ് നിൽക്കുന്ന ഈ തൂണിന് കുലുക്കവുമുണ്ടെന്ന് രോഗികൾ പറയുന്നു. പഴയ സെക്യൂരിറ്റി റൂമിനോട് ചേർന്നുള്ള ഗേറ്റിന്റെ ഒരുവശത്തെ തൂണാണ് ഏറെ ശോച്യാവസ്ഥയിലുള്ളത്. ഗേറ്റ് പിടിപ്പിച്ചിട്ടുള്ള തൂണിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഗേറ്റാകട്ടെ തുരുമ്പുകയറി ദ്രവിച്ച നിലയിലാണ്. കഴിഞ്ഞ ദിവസം ഒരു രോഗിയുമായി വന്ന വാഹനം ഈ തൂണിൽ ഉരസിയതോടെ കൂനിൻമേൽ കുരു എന്ന അവസ്ഥയായി. തൂണിന്റെ ഒരുഭാഗത്തെ സിമന്റ് അപ്പാടെ അടർന്ന് വീണു.
ഉടൻ പൊളിച്ചു നീക്കും
ആശുപത്രിയുടെ വിശാലമായ ആർച്ച് ഗേറ്റ് വരേണ്ട സ്ഥാനത്താണ് ഇപ്പോൾ ശോച്യാവസ്ഥയിൽ തൂണ് നിൽക്കുന്നതെന്നത് വസ്തുതയാണെന്ന് പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു. ഇത് എത്രയും വേഗം പൊളിച്ചു നീക്കും. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഒരാഴ്ചയ്ക്കുള്ളിൽ ആശുപത്രി വികസന സമിതി യോഗം ചേരും. ആശുപത്രി വഴിയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ആർച്ച് ഗേറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്:
പാലാ ജനറൽ ആശുപത്രിയുടെ കവാടത്തിൽ അപകടനിലയിൽ നിൽക്കുന്ന തൂണ്