വൈക്കം മേഖലയിൽ ബസ് സർവീസുകൾ

പുനരാരംഭിക്കാൻ നടപടിയില്ല

വൈക്കം : കൊവിഡ് നിയന്ത്റണങ്ങളിൽ ഇളവ് വന്നിട്ടും യാത്രാദുരിതം തീരുന്നില്ല. ബസ് സർവീസുകൾ പലതും പുനരാരംഭിക്കാൻ തയാറാവാത്തതാണ് കാരണം.ടിവി പുരം ചെമ്മനാകരി റൂട്ടിൽ കൊവിഡിന് മുൻപ് 4 ബസുകളാണ് സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. വൈക്കത്ത് നിന്നും ബ്രഹ്മമംഗലം ഭാഗത്തേക്കും നാല് ബസുകൾ സർവീസ് നടത്തിയിരുന്നു. ഇപ്പോൾ രണ്ട് ബസുകൾ മാത്രം. വൈക്കം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും വടയാർ, എഴുമാന്തുരുത്ത് വഴി മെഡിക്കൽ കോളജിലേക്കുള്ള സർവീസ് പുനരാരംഭിച്ചിട്ടില്ല. കൊവിഡ് നിയന്ത്റണങ്ങൾ വന്നപ്പോൾ നിറുത്തിയതാണ്. തലയോലപ്പറമ്പ് സ്​റ്റാൻഡിൽ നിന്നും കോരിക്കൽ, പഴംമ്പട്ടി ഭാഗത്തേക്ക് സർവീസ് നടത്തിയിരുന്ന മൂന്ന് ബസുകളും ഓടുന്നില്ല. ആ​റ്റുവേലക്കടവ് – ഉദയനാപുരം –വൈക്കം റൂട്ടിലും ബസുകൾ ഓടാതായതോടെ യാത്രക്കാർ പെരുവഴിയിലായി. ചെറിയ വരുമാനത്തിൽ ദൂരെ സ്ഥലങ്ങളിൽ ജോലിക്ക് പോയിവരുന്നവരും, വിദ്യാർത്ഥികളുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.

യാത്ര ചെയ്യണം കിലോമീറ്ററുകൾ

ബ്രഹ്മമംഗലം, ചെമ്മനാകരി, വൈക്കപ്രയാർ, കോരിക്കൽ, ടിവി പുരം എന്നീ ഗ്രാമപ്രദേശങ്ങളിൽ ഉള്ളവർക്ക് പ്രധാന പാതയിലേക്ക് എത്തിപ്പെടാൻ കിലോമീ​റ്ററുകൾ യാത്ര ചെയ്യണം. കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു ഭാഗവും ഓട്ടോ ചാർജ് ഇനത്തിൽ നൽകേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.