
കോട്ടയം : കാത്തിരിപ്പിന് വിരമാമമിട്ട് എച്ച്.എൻ.എല്ലിൽ കേരള റബർ ലിമിറ്റഡ് ആറുമാസത്തിനുള്ളിൽ ആരംഭിക്കുമെന്ന വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം റബർ കർഷകർക്കും മേഖലയ്ക്കും പുത്തൻ ഉണർവായി. 2016 ൽ എൽ.ഡി.എഫ് സർക്കാരിന്റെ പ്രകടന പത്രികയിലും പിന്നീട് ബഡ്ജറ്റിലും ഇടംപിടിച്ച റബർ കമ്പനി രൂപമാറ്റത്തോടെ വെള്ളൂർ എച്ച്.എൻ.എൽ പ്രവർത്തിച്ചിരുന്ന സ്ഥലത്ത് മേയിൽ ആരംഭിക്കുന്നത്.
ജില്ലയുടെ സാമ്പത്തിക നട്ടെല്ലായ റബർ കൃഷിയ്ക്ക് പദ്ധതി ഏറെപ്രയോജനപ്പെടുമെന്നതിനാൽ പദ്ധതി വൈകുന്നത് വിമർശത്തിനും കാരണമായിരുന്നു. ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമാകുന്ന റബർ വിപണിക്ക് താങ്ങാകുന്നതാണ് കമ്പനി. റബർ അധിഷ്ടിത ചെറുകിട വ്യവസായങ്ങൾ ജില്ലയിൽ ഏറെയുണ്ടെങ്കിലും വൻകിട വ്യവസായങ്ങൾ ഒന്നുമില്ല. ഈ കുറവ് പരിഹരിക്കാൻ കേരളാ റബർ ലിമിറ്റഡിന് കഴിയുമെന്നാണ് പ്രതീക്ഷ.
ടയർ ലോബിയുടെ വിലകുറയ്ക്കൽ നിലയ്ക്കും
കർഷകർ ഉത്പാദിപ്പിക്കുന്ന റബർ, വ്യാപാരികളിലൂടെ വൻകിട ടയർ കമ്പനികളിലേയ്ക്കാണ് എത്തുന്നത്. ഇവരാണ് വിലനിശ്ചയിക്കുന്നത്. വിലകൂട്ടുന്നതും കുറയ്ക്കുന്നതുമൊക്കെ കമ്പനികളാണ്. എപ്പോഴും ലാഭം മാത്രം ലക്ഷ്യമിട്ടുള്ള വ്യവസായികളുടെ നീക്കം പലപ്പോഴും കർഷകർക്ക് ഗുണകരമാകില്ല. കേരള റബർ ലിമിറ്റഡ് കരുത്തുള്ള കമ്പനിയായി മാറിയാൽ ടയർ വ്യവസായികളുടെ കുത്തക രീതി മാറുമെന്നും കർഷകർ കരുതുന്നു. അതേസമയം, ഐരാപുരം റബർ പാർക്ക് ഉൾപ്പെടെ തുടക്കത്തിലെ ആവേശം മാത്രമായി ഒതുങ്ങിയാൽ കർഷകർക്ക് പ്രയോജനം ലഭ്യമാകാതെ പോകും. ഏതാനും വർഷം മുമ്പ് റബർ ഉത്പാദക സംഘങ്ങളുടെ നേതൃത്വത്തിൽ ടയർ കമ്പനി രൂപീകരിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു.
പ്രത്യേകതകൾ
റബർ അധിത മൂല്യവർദ്ധിത ഉത്പന്നങ്ങൾ ലക്ഷ്യം
റബർ വ്യവസായത്തിന് സാങ്കേതിക പിന്തുണ
സിയാലിനോട് സാദൃശ്യമുള്ള മാതൃകയിൽ പ്രവർത്തനം
സർക്കാർ ഓഹരിയുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഭൂരിപക്ഷ ഓഹരിയുടമാവകാശം
സ്വാഭാവിക റബറിന്റേയും വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പന്നങ്ങളുടേയും നിർമ്മാണവും ഉത്പാദനവും
'' കമ്പനിയുടെ ഡീറ്റെയിൽ പ്രോജക്ട് റിപ്പോർട്ട് രണ്ട് മാസത്തിനുള്ളിൽ തയ്യാറാക്കും. ഭൂമി കിൻഫ്ര റബർ ലിമിറ്റഡിന് ഉടൻ കൈമാറും
പി.രാജീവ്, വ്യവസായ മന്ത്രി
പ്രവർത്തനം വെള്ളൂരിലെ എച്ച്.എൻ.എല്ലിന്റെ 145 ഏക്കർ ഭൂമിയിൽ