
മുണ്ടക്കയം : തോരാ മഴയിൽ കാർഷികമേഖലയിലും കിതപ്പ്. ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കേണ്ട വിളവെടുപ്പും നടീലുമെല്ലാം തകിടം മറിഞ്ഞ അവസ്ഥയാണ്. കപ്പയും വാഴയുമടക്കമുള്ള കൃഷികൾ പ്രധാനമായും വിളവെടുക്കുന്നതും പുതിയ കൃഷി ആരംഭിക്കുന്നതും സെപ്തംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ്. എന്നാൽ, ഈ വർഷം കാലംതെറ്റി പെയ്ത മഴ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. മിക്ക കർഷകരുടെയും കൃഷികൾ വെള്ളപ്പൊക്കത്തിലും വിളവെടുക്കാതെയും നശിച്ചു. വിലത്തകർച്ച കൂടിയായതോടെ കൃഷി പാടേ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. വിഷുവും ഓണവും മുന്നിൽ കണ്ടുള്ള കൃഷികൾ ആരംഭിക്കുന്നതും ഈ മാസങ്ങളിലാണ്. വരും വർഷങ്ങളിൽ പച്ചക്കറിയ്ക്കും, പഴവർഗങ്ങൾക്കും പൂർണമായും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
ഉരുളെടുത്തത് ഏക്കർ കണക്കിന് കൃഷി ഭൂമി
നിനച്ചിരിക്കാതെയെത്തിയ ഉരുൾപൊട്ടലിൽ കൂട്ടിക്കൽ, മുണ്ടക്കയം, കൊക്കയാർ പഞ്ചായത്തുകളിൽ ആയിരക്കണക്കിന് ഏക്കർ കൃഷിഭൂമിയാണ് ഒലിച്ച് പോയത്. സർക്കാർ കണക്കിനേക്കാൾ കൂടുതൽ കൃഷികൾ നശിച്ചതായിട്ടാണ് വിവരം. സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയാൽ ലഭിക്കുന്നത് തുച്ഛമായ നഷ്ടപരിഹാരത്തുകയായതിനാൽ പല കർഷകരും മെനക്കെടുന്നില്ല. ചെറുകിട കർഷകരെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് പരാതി.