ചങ്ങനാശേരി: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പി.പി സുരേഷ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള രണ്ടാമത് ഫുട്ബാൾ ടൂർണമെന്റിന് ഇന്ന് തുടക്കമാകും. ചങ്ങനാശേരി മാർവൽ സോക്കർ പാർക്കിൽ നടക്കുന്ന മത്സരങ്ങൾ 5ന് വൈകിട്ട് 9ന് നടക്കുന്ന ഫൈനൽ മത്സരത്തോടെ സമാപിക്കും. വൈകിട്ട് 6ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, നഗരസഭാ ചെയർപേഴ്‌സൺ സന്ധ്യ മനോജ് എന്നിവർ പങ്കെടുക്കും. സമാപന സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് സമ്മാനദാനം നിർവഹിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയ്, ജില്ലാ ജനറൽ സെക്രട്ടറി റിജു ഇബ്രാഹിം, ബ്ലോക്ക് പ്രസിഡന്റ് സോബിച്ചൻ കണ്ണംമ്പള്ളി എന്നിവർ പങ്കെടുക്കും. വിവിധ കലാ, കായിക രംഗങ്ങളിൽ കഴിവ് തെളിയിച്ച സി. രമേശൻ, മഞ്ചേഷ് മോഹനൻ, ഡോ.സുവിധ് വിൽസൻ, രേഷ് കുമാർ വാഴപ്പള്ളി, എബിൻ ആന്റണി എന്നിവരെ ആദരിക്കും.