കുമരകം: കുമരകം ബസ് ബേയ്ക്കായി വാങ്ങിയ സ്ഥലത്തെ ചൊല്ലി വിവാദങ്ങൾ പുകയുമ്പോൾ അസംതൃപ്തി അറിയിച്ച് സ്ഥലം നൽകിയ കുടുംബം രംഗത്ത്. വിനോദസഞ്ചാരകേന്ദ്രമായ കുമരകത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ബസ് ബേയും പൊതുശൗചാലയവും. ഇതിനായി വർഷങ്ങൾക്ക് മുമ്പ് രണ്ടിടങ്ങളിൽ വസ്തു വാങ്ങിയെങ്കിലും അവ അന്യാധീനപ്പെട്ട അവസ്ഥയിലാണ്. ബസ് ബേയ്ക്കു ഉപകരിക്കുന്ന ഒരു സെന്റ് സ്ഥലം പാേലും ചന്തക്കവലയിൽ ഇനി ലഭ്യമാകാൻ സാധ്യതയില്ലെന്ന സാഹചര്യത്തിലാണ് അനുയോജ്യമായ സ്ഥലം തങ്ങൾ മൂന്നിലാെന്നു വില മാത്രം വാങ്ങി നൽകിയതെന്ന് കുടുംബംഗങ്ങൾ പറയുന്നു. സ്ഥലം ദൂരുപയോഗം ചെയ്യാതിരിക്കാനാണ് ബസ് ബേയ്ക്കു വേണ്ടി എന്ന ഉപാധി ആധാരത്തിൽ രേഖപ്പെടുത്തിയത്. സ്ഥലത്തിന് സമീപത്ത് ബസ് സ്റ്റാൻണ്ടിനായി വാങ്ങിയ സ്ഥലം ഇപ്പോൾ സ്വകാര്യ വ്യക്തികളുടേതായി. മുൻ പഞ്ചായത്ത് ഭരണസമതി ബസ് ബേയ്ക്കെന്ന് മിനിട്ട്സിൽ രേഖപ്പെടുത്തിയാണ് സ്ഥലം വാങ്ങിയത്. വാങ്ങിയ സ്ഥലത്ത് തോടുണ്ടെന്നും പിന്നിൽ അഴിമതി ഉണ്ടെന്നും പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും പൊതുമരാമത്ത് , റവന്യു, നിയമ വകുപ്പുകളുടെ അനുമതിയോടെയാണ് വസ്തു ആധരം ചെയ്തു നൽകിയതെന്നും വസ്തു നൽകിയ പുത്തൻകളത്തിൽ കുടുംബത്തിലെ മറിമാമ്മ ജാേസ് പറഞ്ഞു. കുടുംബത്തിലെകാരണവരും 94 കാരനുമായ ജാേർജ് ജാേസഫിന്റെ വലിയ ആഗ്രഹമാണ് കുമരകം ബസ്ബേയെന്നും അവർ പറഞ്ഞു.