
കോട്ടയം : കൊവിഡിന്റെ തീവ്രവ്യാപന വകഭേദമായ ഒമിക്രോണിനെ നേരിടാൻ ജില്ല സജ്ജം. കൊവിഡ് മൂന്നാം തരംഗം പ്രതീക്ഷിച്ചുള്ള കരുതലുകൾ ഒമിക്രോണിനെ നേരിടാൻ പ്രയോജനപ്പെടുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ. ഈ മാസം 31നുള്ളിൽ മുഴുവൻ പേർക്കും രണ്ടാം ഡോസ് വാക്സിൻ നൽകാനുള്ള ശ്രമമാണ് നടക്കുന്നത്. ജില്ലയിലെ മുഴുവൻ ആശുപത്രികൾക്കും ആരോഗ്യവിഭാഗം ജീവനക്കാർക്കും ആവശ്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗികളുടെ എണ്ണം വർദ്ധിച്ചാൽ സി.എഫ്.എൽ.ടി.സികൾ അടക്കം സജ്ജീകരിക്കും. ആശുപത്രികളിലും കിടക്കകൾ സജ്ജമാക്കും. ഇംഗ്ലണ്ട് ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് കർശന പരശോധനയും സമ്പർക്കവിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ ഏഴ് ദിവസം സമ്പർക്കവിലക്കിൽ തുടരണം. എട്ടാംദിവസം ആർ.ടി.പി.സി.ആർ ടെസ്റ്റ് എടുക്കണം. തുടർന്നും സമ്പർക്കവിലക്ക് തുടരണം.
ലക്ഷണം സമാനം
കൊവിഡിന് സമാനമായ ലക്ഷണങ്ങളാണ് ഒമിക്രോൺ രോഗാവസ്ഥക്കും ഉള്ളതെന്ന് ഡി.എം.ഒ ഡോ. എൻ പ്രിയ പറഞ്ഞു. രോഗികളിൽ പ്രായഭേദമന്യേ കടുത്ത ക്ഷീണം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഓക്‌സിജന്റെ അളവ് താഴുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ആന്റിജൻ, ആർ.ടി.പി.സി.ആർ, ജനിതക ശ്രേണീകരണം എന്നിവയിലൂടെ വൈറസ് സ്ഥിരീകരിക്കാം. പനി, തൊണ്ട വേദന, തലവേദന, നെഞ്ചുവേദന, ക്ഷീണം തുടങ്ങിയവയുണ്ടാകാം. കൂടച്ചേരലുകളും സമ്പർക്കവും ഒഴിവാക്കുന്നതിനൊപ്പം കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണമെന്നും മാസ്‌ക് നിർബന്ധമായും ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.