കടുത്തുരുത്തി: ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരത്ത് വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയന്റെ നേതൃത്വത്തിൽ നാളെ ആഘോഷ പരിപാടികൾ നടക്കുമെന്ന് യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ അറിയിച്ചു.
നാളെ ഉച്ചകഴിഞ്ഞ് 2ന് യൂണിയൻ പ്രാർത്ഥന ഹാളിൽ നടക്കുന്ന സമ്മേളനം അഡ്വ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ഏ.ഡി.പ്രസാദ് ആരിശേരി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ അനമോദന സന്ദേശം നൽകും. യോഗം കൗൺസിലർ സി.എം ബാബു മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ റ്റി.എസ് ബൈജു, യൂണിയൻ യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളായ കെ.ജി രാജേഷ്, കെ.വി ധനേഷ്, വനിതാസംഘം ഭാരവാഹികളായ സുധാ മോഹൻ, ജഗദമ്മ തമ്പി എന്നിവർ പ്രസംഗിക്കും. തുടർന്ന് ചേർത്തലയിൽ ഗവർണറും മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും രാഷ്ട്രീയ നേതാക്കളും യോഗം ഭാരവാഹികളും പങ്കെടുക്കുന്ന പൊതുസമ്മേളനത്തിന്റെ വീഡിയോ കോൺഫറൻസ് യൂണിയൻ പ്രാർത്ഥന ഹാളിൽ പ്രത്യേകം സജ്ജീകരിച്ച സ്‌ക്രീനിൽ പ്രദർശിപ്പിക്കും. കടുത്തുരുത്തി യൂണിയന്റെ കീഴിലുള്ള മുഴുവൻ ശാഖാ ഭാരവാഹികളും യൂണിയന്റെ ആഘോഷ പരിപാടിയിൽ പങ്കെടുക്കും.