
കോട്ടയം : റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ മുൻകൂട്ടി തടയാനും ഉപഭോക്താക്കൾക്കും ഡെവലപ്പർമാർക്കും നിയമപരിരക്ഷ ഉറപ്പാക്കാനുമാണ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടി (റെറ) ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ പി.എച്ച്.കുര്യൻ പറഞ്ഞു. അതോറിട്ടിയിൽ രജിസ്റ്റർ ചെയ്യാതെ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ വിൽക്കുന്നതും ദീർഘകാല പാട്ടത്തിന് നൽകുന്നതും പദ്ധതി ചെലവിന്റെ പത്തുശതമാനം വരെ പിഴയീടാക്കാവുന്ന കുറ്റമാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർക്കുമായി ബോധവത്കരണ പരിപാടിയും നടത്തി. റെറ അംഗങ്ങളായ അഡ്വ. പ്രീത മേനോൻ, എം.പി. മാത്യൂസ്, സെക്രട്ടറി വൈ. ഷീബാ റാണി എന്നിവരും പങ്കെടുത്തു.