വൈക്കം : വൈക്കം താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് നിർമ്മിച്ച അമ്മയും കുഞ്ഞും ആശുപത്രിയിലെ ലിഫ്റ്റിന്റെ നിർമ്മാണം പൂർത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. ആശുപത്രിയുടെ പ്രധാന വിഭാഗങ്ങളെല്ലാം ഇപ്പോൾ പ്രവർത്തിക്കുന്നത് ഇവിടെയാണ്.
താലുക്ക് ആശുപത്രിയിൽ പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനോടനുബന്ധിച്ച് പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയിരുന്നു. അത്യാഹിത വിഭാഗമടക്കം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ അറ്റകുറ്റപണികൾ നടക്കുകയാണ്. അതോടെയാണ് ആശുപത്രിയുടെ പ്രവർത്തനം അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റിയത്. അമ്മയും കുഞ്ഞും ആശുപത്രിയ്ക്കായി തീർത്ത അഞ്ച് നില കെട്ടിടത്തിലാണ് ഇപ്പോൾ രോഗികളെ കിടത്തിചികിത്സിക്കുന്നത്. അത്യാഹിത വിഭാഗവും ഒ പി യും ഫാർമസിയുമൊക്കെ അമ്മയും കുഞ്ഞും ആശുപത്രിയിലാണ്. രോഗികളെ ലിഫ്റ്റില്ലാത്തതിനാൽ ജീവനക്കാരും രോഗികളുടെ ബന്ധുക്കളും ഏറെ പണിപ്പെട്ടാണ് മുകൾനിലകളിൽ എത്തിക്കുന്നത്.
വീൽചെയറുകളില്ല
ആശുപത്രിയിൽ ആവശ്യത്തിന് വീൽചെയറുകളും ഇല്ല. വീൽ ചെയറുകളുടെ കുറവ് രോഗികളെ വാർഡുകളിലെത്തിക്കുന്നതിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.