അടിമാലി: സി.പി.എം അടിമാലി ഏരിയാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ ഒമ്പതിന് അടിമാലി കാർഷിക വികസന ബാങ്ക് ഹാളിൽ ആരംഭിക്കുന്ന ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി ടി.കെ. ഷാജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.വി. ശശി, കെ.എസ്. മോഹനൻ, വി.എൻ. മോഹനൻ, പി.എസ്. രാജൻ, ജില്ലാ കമ്മിറ്റി അംഗം എം.എം. മോഹനൻ എന്നിവർ പങ്കെടുക്കും. 11 ലോക്കൽ കമ്മിറ്റികളിൽ നിന്നായി 150 ഓളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇരുപത് ഏക്കറിൽ കെ.എൻ. തങ്കപ്പന്റെ ബലികുടീരത്തിൽ നിന്നും കെ.ആർ. ജയൻ ക്യാപ്റ്റനായുള്ള ദീപശിഖ ജാഥ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പത്താംമൈലിൽ നിന്ന് ചാണ്ടി പി. അലക്‌സാണ്ടർ ക്യാപ്ടനായുള്ള പതാകജാഥ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. ശശി ഉദ്ഘാടനം ചെയ്തു. എ.പി. സുനിൽ ക്യാപ്ടനായ കപ്പി കയർ ജാഥ ഏരിയ സെക്രട്ടറി ടി.കെ. ഷാജിയും കെ.ബി. വരദരാജൻ ക്യാപ്ടനായ കൊടിമര ജാഥ ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും ഉദ്ഘാടനം ചെയ്തു. എല്ലാ ജാഥകളും ഇന്നലെ വൈകിട്ട് സമ്മേളനനഗരിയിൽ എത്തി.