അടിമാലി: ജില്ലയിലെ ചെറുതും വലുതുമായ ഭൂരിഭാഗം റോഡുകളുടെയും വശങ്ങളിൽ കാട് വളർന്ന് കാഴ്ച മറയ്ക്കുന്നു. റോഡരികിൽ പടർന്ന് പന്തലിച്ച ഇത്തരം കാട് വാഹനയാത്രികർക്കും അപകടഭീഷണിയാകുന്നുണ്ട്. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ കൂമ്പൻപാറ ഭാഗത്ത് സൂചന ബോഡുകൾ പൂർണമായി കാടുമൂടിയ നിലയിൽ. വീതി കുറഞ്ഞ കൊടും വളവുകൾ നിറഞ്ഞ ഭാഗമാണിവിടം. കാടുമൂടിയതോടെ വാഹനമോടിക്കുന്നവർക്ക് സൂചനാ ബോർഡുകൾ കാണുക അസാധ്യമായി. ഈ പ്രദേശത്തെ ഉൾപ്പെടെ ദേശീയപാതയോരത്തെ കാടും പടർപ്പും വെട്ടി നീക്കണമെന്നാണ് ആവശ്യം. കൂമ്പൻപാറയിൽ പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള വഴി വിളക്കും കാണാനാവാത്ത വിധം പൊന്തക്കാട് മൂടി കഴിഞ്ഞു. നേര്യമംഗലം വനമേഖലയിൽ പൊന്തക്കാടിന് പുറമെ റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന ഈറ്റയും ചെറു മരശിഖരങ്ങളും വാഹനമോടിക്കുന്നവരുടെ കാഴ്ച മറയ്ക്കുന്ന അവസ്ഥയുണ്ട്. വലിയ വാഹനങ്ങളുടെ ഗ്ലാസിൽ ഇവ വന്നിടിക്കുന്നതായും പരാതി ഉയരുന്നു. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ മൂന്നാറിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്നതോടെ ദേശീയപാതയിൽ തിരക്കേറും. അപകട സാധ്യത കണക്കിലെടുത്ത് പൊന്തക്കാട് വെട്ടിനീക്കുകയും യാത്ര സുഗമമാക്കുകയും വേണമെന്നാണ് ആവശ്യം.