ആണ്ടൂർ ഭാഗത്ത് തോട്ടിലേക്ക് റോഡിന്റെ കരിങ്കൽകെട്ട് ഇടിഞ്ഞുവീണനിലയിൽ
പാലാ: ഒരു കമ്പ് നാട്ടി അതിൽ ചുവന്ന തുണി കെട്ടിയിട്ടാൽ പിന്നെ റോഡിടിഞ്ഞത് ഒരു പ്രശ്‌നമേയല്ല, യാത്ര സുരക്ഷിതമാണ് ! കണ്ടുപിടിത്തം പി.ഡബ്ലിയു.ഡി അധികാരികളുടേതാണ്. പ്രയോഗിച്ചതാകട്ടെ പാലാ മരങ്ങാട്ടുപള്ളി റോഡിലെ ആണ്ടൂർ വളവ് ഭാഗത്തും! ആണ്ടൂർ ഭാഗത്ത് മെയിൻ റോഡിനോട് ചേർന്ന് ഒഴുകുന്ന തോട്ടിലേക്ക് റോഡിന്റെ കരിങ്കൽകെട്ട് ഇടിഞ്ഞുവീണ നിലയിലാണ്. ഇവിടെയൊരു കാട്ടുകമ്പ് നാട്ടി ചുവന്ന തുണി ചുറ്റിയതല്ലാതെ മറ്റൊരു നടപടിയും പി.ഡബ്ലിയു.ഡി അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
നൂറുകണക്കിന് വാഹനങ്ങൾ നത്യേന സഞ്ചരിക്കുന്ന റോഡിലാണ് പി.ഡബ്ലി.യു.ഡി അധികാരികളുടെ വിചിത്രമായ നടപടി. ആണ്ടൂർ വളവ് ഭാഗത്ത് ഒരു മാടക്കടയോട് ചേർന്നുള്ള സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞ് തോട്ടിൽ വീണത്. എതിരെയെത്തുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ഇടിഞ്ഞ വശത്തുകൂടി പോകുന്ന വാഹനങ്ങൾ തോട്ടിലേക്ക് വീഴാനുള്ള സാധ്യത ഏറെയാണ്. എറണാകുളം, വൈക്കം, കുറവിലങ്ങാട്, ചേർത്തല, ശബരിമല, പാലാ തുടങ്ങിയ ഇടങ്ങളിലേക്ക് നൂറുകണക്കിന് യാത്രക്കാർ നത്യേന സഞ്ചരിക്കുന്ന വഴിയിലാണ് അപകടക്കെണി.
സംരക്ഷണഭിത്തി നിർമ്മിക്കണം
പാലാ മരങ്ങാട്ടുപള്ളി റൂട്ടിലെ ആണ്ടൂരിൽ റോഡ് വശം ഇടിഞ്ഞ് തോട്ടിൽ വീണ ഭാഗത്ത് എത്രയും വേഗം സംരക്ഷണഭിത്തി നിർമ്മിക്കണമെന്നും ഈ മേഖലയിലെ അപകടസാധ്യതയുള്ള വളവുകൾ നിവർത്തണമെന്നും പാലാ പൗരാവകാശസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോയി കളരിക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ.സിറിയക് ജയിംസ്, തോമസ് ഗുരുക്കൾ, കെ.എസ് അജി, രാധാകൃഷ്ണൻ, ടി.കെ ശശിധരൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്:
പാലാ മരങ്ങാട്ടുപള്ളി റോഡിൽ ആണ്ടൂർ ഭാഗത്ത് റോഡുവശം ഇടിഞ്ഞ് തോട്ടിൽ വീണ നിലയിൽ.