
കോട്ടയം : കാണക്കാരി പഞ്ചായത്തിലെ 9, മാഞ്ഞൂർ പഞ്ചായത്തിലെ 12 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏഴിന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ നടക്കും. എട്ടിനു രാവിലെ 10 മുതലാണ് വോട്ടെണ്ണൽ. വോട്ടെടുപ്പ്, വോട്ടെണ്ണൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പരിശീലനം പൂർത്തിയായതായി തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് പറഞ്ഞു. വോട്ടെടുപ്പിനായി 25 പോളിംഗ് ഉദ്യോഗസ്ഥരെയും വോട്ടെണ്ണലിനായി 10 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഏഴിന് കാണക്കാരി ഗ്രാമപഞ്ചായത്തിലെ കളരിപ്പടി, മാഞ്ഞൂർ പഞ്ചായത്തിലെ മാഞ്ഞൂർ സെൻട്രൽ എന്നീ വാർഡുകളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. പോളിംഗ് സ്റ്റേഷനുകളായ മാഞ്ഞൂർ എസ്.എൻ.വി. എൽ.പി സ്‌കൂൾ, കാണക്കാരി സി.എസ്.ഐ. കോളജ് ഓഫ് ലീഗൽ സ്റ്റഡീസ് എന്നിവയ്ക്ക് ഡിസംബർ ആറിന് ഉച്ചകഴിഞ്ഞും ഏഴിന് പൂർണമായും അവധിയായിരിക്കും. വോട്ടർമാരായ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രസ്തുത വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാൽ സ്വന്തം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ടു ചെയ്യുന്നതിന് പ്രത്യേക അനുമതി ബന്ധപ്പെട്ട മേലധികാരി അനുവദിച്ച് നൽകണം. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന ഏഴിന് വൈകിട്ട് ആറു മണിക്കു മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ എട്ടിനും സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി.