പൊൻകുന്നം: പൊൻകുന്നത്ത് ദേശീയപാതയുടെ ഇരുവശത്തും നടപ്പാതയുണ്ട്.പലപ്പോഴായി സ്ഥാപിച്ച അടയാളബോർഡുകളുമുണ്ട്. പക്ഷേ നടക്കാൻ നിർവാഹമില്ലെന്ന് വെച്ചാൽ!.
നടപ്പാതകളിൽ കാടുകയറിയും മാലിന്യങ്ങൾ തള്ളിയും നടക്കാൻ പറ്റാത്തവിധമാക്കി.നഗരമധ്യത്തിൽ തന്നെ ഏറെത്തിരക്കുള്ള രാജേന്ദ്രമൈതാനത്തോട് ചേർന്നുള്ള നടപ്പാതയിൽ കാട് വളർന്നുമൂടി.ഇവിടെ ചിലർ സ്ഥിരം മാലിന്യം ഉപേക്ഷിക്കുന്നതായും പരാതി ഉയരുന്നു.അന്യസംസ്ഥാനക്കാരുടേതായ ഒരു തട്ടുകടയും ഇവിടെ പ്രവർത്തിക്കുന്നു.ഇത്തരം തടസങ്ങൾ കാരണം കാൽനടയാത്രക്കാർ റോഡിലിറങ്ങിയാണ് നടക്കുന്നത്.അടയാളബോർഡുകളിൽ ചിലത് വാഹനമിടിച്ച് തകർന്നു.ചിലത് കാടുവളർന്ന്മൂടി.മറ്റുചിലത് ആരുടെയൊക്കെയോ സൗകര്യത്തിനായി എടുത്തുമാറ്റി.ഇരുമ്പുതൂണുകളും തകിടുമൊക്കെ ആക്രിക്കടകളിലും എത്തി.
നടപ്പാത കൈയേറുന്നവരെ ഒഴിപ്പാക്കാൻ പഞ്ചായത്തും പൊലീസും നടപടി സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപമുയരുന്നത്. ദേശീയപാതയിൽ രാജേന്ദ്രമൈതാനം മുതൽ കെ.വി.എം.എസ് കവലവരെ അപകടമേഖലയാണ്. ഇവിടെ സമാന്തരപാത നിർമ്മിക്കണമെന്നത് ഏറെക്കാലമായിട്ട് ഉയരുന്ന ആവശ്യമാണ്.