പൊൻകുന്നം: വാഹനത്തിരക്കുമൂലം ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുന്ന പൊൻകുന്നത്ത് സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരഓട്ടവും തുടർന്നുള്ള തർക്കങ്ങളും പൊലീസിനും യാത്രക്കാർക്കും തലവേദനയാകുന്നു. കഴിഞ്ഞദിവസം ബസ് സ്റ്റാൻഡിൽ വച്ച് ജീവനക്കാർ തമ്മിൽ ഉണ്ടായ തർക്കം കൈയാങ്കളി വരെയെത്തി. ഇതിനുമുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തർക്കങ്ങൾ ആവർത്തിക്കാതിരിക്കാൻ ജീവനക്കാരും ബസ് ഉടമകളും ജനപ്രതിതനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സമിതി രൂപീകരിച്ച് ചർച്ചയും നടത്തി. പൊൻകുന്നത്തു നിന്ന് പുറപ്പെടുന്ന വാഹനങ്ങൾ 15 മിനിട്ട മുമ്പ് സ്റ്റാൻഡിൽ പ്രവേശിക്കുന്നതിനും, സ്റ്റാൻഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ ആളെ ഇറക്കി ബസ്‌ബേയിലെത്തി പരമാവധി മൂന്നു മുനിട്ടുവരെ പാർക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. മറ്റ് വാഹനങ്ങൾക്ക് മാർഗതടസമുണ്ടാകാത്തവിധം സ്റ്റാൻഡിൽ കയറിയിറങ്ങി പോകണമെന്നുമാണ് വ്യവസ്ഥ. എല്ലാവരും അംഗീകരിച്ച നിർദ്ദേശങ്ങൾ പാലിക്കാൻ ജീവനക്കാർ തയ്യാറായാൽ ഇത്തരം സംഘർഷങ്ങൾ ഒഴിവാക്കാനാകുമെന്നും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.