എരുമേലി: കാനനപാതയിൽ വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. അഴുത മുതൽ പമ്പ വരെ നീളുന്ന ശബരിമല പരമ്പരാഗത കാനന പാതയിലാണ് പരിശോധന നടത്തിയത്. അടുത്ത ദിവസം എരുമേലിയിൽ നിന്നുള്ള കാനനപാതയിലും പരിശോധന നടക്കും. കാനനപാതയിലൂടെ ഏതാനും വർഷങ്ങളായി തീർത്ഥാടകരെ കടത്തിവിട്ടിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു പരിശോധന. എരുമേലി മുതൽ കാളകെട്ടി വരെയുള്ള കാനന പാതയിൽ മൂന്നിടങ്ങളിൽ തോടുകളുടെ കുറുകെയുള്ള ചപ്പാത്ത് പാതകൾ ഒലിച്ചുപോയ നിലയിലാണ്. കൂടാതെ പാതയിൽ പൊന്തക്കാടുകൾ നിറഞ്ഞ നിലയിലാണ്. ഒട്ടേറെ ഭാഗങ്ങൾ സഞ്ചാരയോഗ്യമല്ല. ഇവയെല്ലാം പരിഹരിച്ചാലാണ് സഞ്ചാര യോഗ്യമാക്കാൻ കഴിയുക. വന്യമൃഗ സാന്നിധ്യം സംബന്ധിച്ച് ആശങ്കയുമുണ്ട്. മണ്ഡല കാലത്തിന്റെ അവസാനമോ അല്ലെങ്കിൽ മകര വിളക്ക് ഉത്സവകാലത്തോ പാതയിലൂടെ തീർത്ഥാടകരെ കടത്തിവിടാനുള്ള സാധ്യതയാണ് ഇപ്പോൾ സർക്കാർ നടപടികളിൽ നിന്ന് വ്യക്തമാകുന്നത്.
എരുമേലിയിൽ തിരക്കേറി
എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചു. തീർത്ഥാടക തിരക്കേറുമെന്നുള്ള സാധ്യത കണക്കിലെടുത്ത് ദേവസ്വത്തിന്റെ ലേലങ്ങളിൽ തുക വർദ്ധിപ്പിക്കാൻ കരാറുകാർ കഴിഞ്ഞദിവസം തയാറായി. താത്കാലിക വ്യാപാര സ്ഥാപനങ്ങൾക്കും മറ്റുമായി 26 സ്ഥലങ്ങളുടെ ലേലം കഴിഞ്ഞദിവസം നടന്നിരുന്നു. എന്നാൽ പേട്ടതുള്ളൽ മേളത്തിന്റെ ലേലം നടന്നിട്ടില്ല. കൊവിഡ് കാലത്തിനു മുമ്പ് 2019 ൽ പാർക്കിംഗ് 35 ലക്ഷം രൂപയ്ക്ക് നൽകിയിരുന്ന സ്ഥാനത്ത് ഇത്തവണ 14 ലക്ഷം രൂപയ്ക്കാണ് ലേലം നൽകിയത്. 56 ലക്ഷം രൂപയിൽ മുമ്പ് ലേലം ചെയ്തിരുന്ന ശൗചാലയങ്ങൾ ഇത്തവണ 15 ലക്ഷത്തിനും നാളികേരത്തിന്റെ ലേലം 49.5 ലക്ഷത്തിൽ നിന്നും ഇത്തവണ 14 ലക്ഷത്തിനുമാണ് നടന്നത്.