ചങ്ങനാശേരി: പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പരസ്യമായി തുറന്നുപറയുന്ന സമുദായ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ചങ്ങനാശേരി യൂണിയനിൽ സംഘടിപ്പിച്ച രജതജൂബിലി ആഘോഷം തുരുത്തി 61ാം നമ്പർ ശാഖാ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി കാഴ്ചചപ്പാടുകളുള്ള വ്യക്തിയാണ് വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ അധസ്ഥിത വിഭാഗത്തിൽപ്പെട്ടവരെയും പിന്നാക്ക വിഭാഗത്തിലെ ആളുകളെയും സമൂഹത്തിന്റെ മുൻനിരയിൽ കൊണ്ടുവരാൻ അദ്ദേഹം പ്രയത്നിച്ചു. സംഘടനാ പ്രവർത്തനത്തിന്റെ ഉത്തമ ഉദാഹരണമായി വെള്ളപ്പാള്ളി നടേശനെ ചൂണ്ടിക്കാണിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു.
കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, നഗരസഭാദ്ധ്യക്ഷ സന്ധ്യാ മനോജ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ, കെ.സി ജോസഫ്, എൻ.ഹരി, മാത്തുക്കുട്ടി പ്ലാത്താനം, ബിജു ആന്റണി, സജീവ് പൂവത്ത്, അഡ്വ.മാധവൻപിള്ള, സണ്ണിതോമസ്, പി.കെ കൃഷ്ണൻ, സാബു മുല്ലശേരി, പി.കെ വൈശാഖ്, അഡ്വ കൃഷ്ണദാസ്, എസ്.സാലിച്ചൻ, പി.ബി രാജീവ്, അജയകുമാർ, പി.എൻ പ്രതാപൻ, പി.എം സുഭാഷ്, ഷിബുശാന്തി, അജിത്ത് മോഹൻ, ശോഭാ ജയചന്ദ്രൻ, സരുൺ ചേകവർ തുടങ്ങിയവർ പങ്കെടുത്തു. ഡയറക്ടർ ബോർഡ് അംഗങ്ങൾ, തുരുത്തി ശാഖാ അംഗങ്ങൾ , പോഷക സംഘടനാ അംഗങ്ങൾ, യൂണിയൻ കമ്മറ്റി അംഗങ്ങൾ, മറ്റ് ശാഖാ ഭാരവാഹികൾ അംഗങ്ങൾ എന്നിവരും പങ്കെടുത്തു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ സ്വാഗതവും യോഗം ഡയറക്ടർ ബോർഡ് അംഗം എൻ നടേശൻ നന്ദിയും പറഞ്ഞു.

സാമൂഹ്യ വിദ്യാഭ്യാസ സാമ്പത്തിക മേഖലകളിൽ വലിയ മുന്നേറ്റം

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കുമ്പോൾ സാമൂഹ്യ വിദ്യാഭ്യാസ സാമ്പത്തിക മേഖലകളിൽ സമുദായത്തിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതായി ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ അഭിപ്രായപ്പെട്ടു.

മുൻ പ്രസിഡന്റ് കെ.വി ശശികുമാറിനൊപ്പം ഏഴ് വർഷം യൂണിയൻ സെക്രട്ടറിയായി പ്രവർത്തിക്കാൻ സാധിച്ചു. കെ.വി ശശികുമാർ-വെള്ളാപ്പള്ളി നടേശൻ കോംമ്പിനേഷൻ ചങ്ങനാശേരി യൂണിയന്റെ സുവർണകാലഘട്ടമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.