കോട്ടയം : തുരുത്തേൽ പാലത്തിലെ കട്ടിംഗ് അപകടങ്ങൾക്കിടയാക്കുന്നു. കഞ്ഞിക്കുഴി - മാങ്ങാനം റോഡിൽ മക്രോണിക്ക് സമീപമാണ് പാലം സ്ഥിതിചെയ്യുന്നത്. വർഷങ്ങളായി പാലത്തിലെ ഇരുവശത്തിലുമുള്ള കട്ടിംഗ് ഉയർന്നു നിൽക്കുന്നതാണ് അപകടക്കെണിയാകുന്നത്. റോഡ് നിരവധി തവണ നവീകരിച്ചെങ്കിലും കട്ടിംഗ് നികത്താനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. നിരവധി നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ചങ്ങനാശേരി, കറുകച്ചാൽ, മണിമല, നെടുംകുന്നം പുതുപ്പള്ളി, മണർകാട് എന്നിവിടങ്ങളിലേക്ക് പോകുന്നതിനായി ഉപയോഗിക്കുന്ന പ്രധാന റോഡ് കൂടിയാണിത്.

വേഗതയിലാണേൽ പണി പാളും

കട്ടിംഗ് അറിയാതെ എത്തുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. പാലത്തിന് സമീപം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ പിന്നാലെയെത്തുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുന്നതിനും ഇടയാക്കുന്നു. അമിതവേഗതയിലെത്തുന്ന ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. വഴിവിളക്കുകൾ തെളിയാത്തതിനാൽ കട്ടിംഗ് രാത്രികാലങ്ങളിൽ കട്ടിംഗ് കാണാനാകില്ല.

വാഹനങ്ങൾക്ക് തകരാറും

ഉയരം കുറഞ്ഞ ചെറുകാറുകളുടെ അടിഭാഗം തട്ടുന്നതിനും കേടുപാടുകൾ സംഭവിക്കുന്നതിനും ഇടയാക്കുന്നു. രാത്രികാലങ്ങളിലാണ് കൂടുതൽ അപകടങ്ങളും നടക്കുന്നത്. കട്ടിംഗ് നികത്തി റോഡ് യാത്ര സുഗമമാക്കണമെന്നും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.