വൈക്കം: വൈപ്പിൻ പടിയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന തണൽ മരത്തിന്റെ ശിഖരങ്ങൾ പൊതുമരാമത്ത് വകുപ്പ് വെട്ടിമാറ്റി. വൈക്കം-എറണാകുളം റോഡിൽ വൈപ്പിൻപടി ജംഗ്ഷനിലെ തണൽ മരം ഏറെക്കാലമായി നാട്ടുകാർക്ക് ഭീഷണിയായിരുന്നു. റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരത്തിന് താഴെ വൈദ്യുതി ലൈനുകളും കച്ചവട സ്ഥാപനങ്ങളുമെല്ലാമുണ്ട്. വൈപ്പിൻ പടിയിലെ തണൽമരമടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തണൽ മരങ്ങൾ അപകടാവസ്ഥയിൽ നിൽക്കുന്നത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. അപകടകരമായി രീതിയിൽ നിന്നിരുന്ന ശിഖരങ്ങളാണ് ഇന്നലെ വെട്ടിമാറ്റിയത്. മരത്തിന്റെ ശിഖരങ്ങൾ അടിയന്തിരമായി വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി കെ.രഘുനന്ദനന്റെ നേതൃത്വത്തിൽ സി.പി.ഐ വൈപ്പിൻപടി ബ്രാഞ്ച്കമ്മറ്റി പൊതുമരാമത്ത് വകുപ്പിനും റവന്യു അധികൃതർക്കും നഗരസഭയ്ക്കും നിവേദനം നൽകിയിരുന്നു.